Home> India
Advertisement

'സഖ്യം പരീക്ഷണമായിരുന്നു, പക്ഷെ വിജയിച്ചില്ല', അഖിലേഷ് യാദവ്

ലോക്സഭാ തിരഞ്ഞെടുപ്പിനോടുനുബന്ധിച്ച് ഉത്തര്‍ പ്രദേശില്‍ രൂപമെടുത്ത എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ പരാജയ കാരണം വിശദീകരിച്ച് എസ്പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്.

'സഖ്യം പരീക്ഷണമായിരുന്നു, പക്ഷെ വിജയിച്ചില്ല', അഖിലേഷ് യാദവ്

ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിനോടുനുബന്ധിച്ച് ഉത്തര്‍ പ്രദേശില്‍ രൂപമെടുത്ത എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ പരാജയ കാരണം വിശദീകരിച്ച് എസ്പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്.

പരാജയ കാരണം വിശദീകരിക്കാന്‍ തന്‍റെ എഞ്ചിനീയറിംഗ് ബിരുദമാണ് അദ്ദേഹം അടിസ്ഥാനമാക്കിയത്. ബിഎസ്പി അദ്ധ്യക്ഷ മായാവതി സഖ്യം ഉപേക്ഷിച്ചതിനുശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടതും വിശദീകരണം നല്‍കിയതും. 

തനിക്ക് മായാവതിയോടുള്ള ബഹുമാനം അന്നും ഇന്നും ഒരേപോലെതന്നെയെന്നും, ഒരു എഞ്ചിനീയറിംഗ് ബിരുദധാരിയെന്ന നിലയില്‍, തന്‍റെ അറിവില്‍ എല്ലാ പരീക്ഷണങ്ങളും വിജയിക്കണമെന്നില്ല എന്നും അഖിലേഷ് യാദവ് പറഞ്ഞു. വരും കാലങ്ങളിൽ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വര്‍ദ്ധിക്കുമെന്നും ഇതേപ്പറ്റി ജനങ്ങൾ തീര്‍ച്ചയായും ആലോചിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഇനി വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും സഖ്യം ചേര്‍ന്ന് മത്സരിക്കില്ലെന്ന വാര്‍ത്ത അദ്ദേഹം സ്ഥിരീകരിച്ചു. മുന്‍പ് എസ്പിയുമായി സഖ്യം ചേര്‍ന്ന് മത്സരിക്കില്ലെന്ന് ബിഎസ്പി നേതാവ് മായാവതി അഭിപ്രായപ്പെട്ടിരുന്നു.

സഖ്യം അവിചാരിതമായി ഉണ്ടായതാണെന്നും ഉപതിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്നുമാണ് മായാവതി പറഞ്ഞത്. കൂടാതെ, ലോക്സഭ തിരഞ്ഞെടുപ്പില്‍ യാദവ് വിഭാഗം തങ്ങളെ പിന്തുണച്ചില്ലെന്നും, സഖ്യം പരാജയമായിരുന്നുവെന്നും മായാവതി വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം എസ്പിയുമായും അഖിലേഷുമായുമുള്ള ബന്ധം എപ്പോഴും കാത്തു സൂക്ഷിക്കുമെന്നും മായാവതി വ്യക്തമാക്കിയിരുന്നു.

 

 

Read More