Home> India
Advertisement

ദക്ഷിണേന്ത്യയെ തഴയുന്നവര്‍ക്കുള്ള മറുപടിയാണ് തന്‍റെ സ്ഥാനാര്‍ത്ഥിത്വം: രാഹുല്‍ ഗാന്ധി

ദക്ഷിണേന്ത്യയെ തഴയുന്നവര്‍ക്കുള്ള മറുപടിയാണ് തന്‍റെ വയനാട് സ്ഥാനാര്‍ത്ഥിത്വം എന്ന് രാഹുല്‍ ഗാന്ധി.

ദക്ഷിണേന്ത്യയെ തഴയുന്നവര്‍ക്കുള്ള മറുപടിയാണ് തന്‍റെ സ്ഥാനാര്‍ത്ഥിത്വം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയെ തഴയുന്നവര്‍ക്കുള്ള മറുപടിയാണ് തന്‍റെ വയനാട് സ്ഥാനാര്‍ത്ഥിത്വം എന്ന് രാഹുല്‍ ഗാന്ധി. 

ദക്ഷിണേന്ത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദി തഴഞ്ഞു. ദക്ഷിണേന്ത്യക്കാരെ പല ഘട്ടത്തിലും മോദി മാറ്റിനിര്‍ത്തി. ഞാന്‍ അവര്‍ക്കൊപ്പമുണ്ടെന്ന പ്രഖ്യാപനമാണ് തന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ നല്‍കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വയനാട് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ്‌ രാഹുല്‍ ഇപ്രകാരം പറഞ്ഞത്. 

രാഹുലിന്‍റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ തുടക്കം മുതല്‍ ബിജെപി രംഗത്തെത്തിയിരുന്നു. അമേത്തിയിലെ തോല്‍വി ഭയന്നാണ് രാഹുല്‍ വയനാട്ടിലേക്ക് പോകുന്നത് എന്നായിരുന്നു വിമര്‍ശനം. രാഹുലിന്‍റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ വര്‍ഗീയ വത്ക്കരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. 

ഹിന്ദു മേഖലകളില്‍ മത്സരിക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍ മറ്റിടങ്ങളിലേക്കു മത്സരിക്കാന്‍ പോവുകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പേരു നേരിട്ടു പരാമര്‍ശിക്കാതെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെ മോദി പരിഹസിച്ചത്. ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലങ്ങളിലേക്കാണ് ചില നേതാക്കള്‍ അഭയാര്‍ഥികളെപ്പോലെ പോകുന്നതെന്നും പ്രധാനമന്ത്രി പരിഹസിച്ചിരുന്നു.

അതേസമയം, വയനാട് ലോക്സഭാ സീറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലേക്ക് തിരിക്കും. നാളെ രാത്രി എട്ടരയോടെ ആസാമില്‍ നിന്നും രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തും. പിന്നീട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും. 

മറ്റന്നാള്‍ രാവിലെ ഹെലികോപ്റ്ററില്‍  കല്‍പറ്റയിലിറങ്ങാനാണ് സാധ്യത. കല്‍പറ്റ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും റോഡ്ഷോയായി കളക്ട്രേറ്റിലെത്തിയായിരിക്കും പത്രിക നല്‍കുക. കാര്യങ്ങള്‍ ഏകോപിക്കുന്നതിനായി  കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും മുകള്‍ വാസ്നിക്കും രാത്രിയോടെ വയനാട്ടിലെത്തും. സഹോദരിയും ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായി പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പം വയനാട്ടിലെത്തും.  

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ കല്‍പറ്റയിലെത്തുന്ന രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വയനാട് ഡിസിസി അറിയിച്ചു. 

 

Read More