Home> India
Advertisement

വനിതാ സംവരണ ബില്‍: കേന്ദ്ര നീക്കത്തെ പിന്തുണച്ച് സോണിയാ ഗാന്ധി

2010 ല്‍ യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് രാജ്യസഭയില്‍ പാസാക്കിയതാണ് വനിതാ സംവരണ ബില്‍. എന്നാല്‍ ലോക്സഭയില്‍ ഈ ബില്‍ പാസ്സാക്കാന്‍ യുപിഎ സര്‍ക്കാരിന് സാധിച്ചില്ല.

വനിതാ സംവരണ ബില്‍: കേന്ദ്ര നീക്കത്തെ പിന്തുണച്ച് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: 2010 ല്‍ യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് രാജ്യസഭയില്‍ പാസാക്കിയതാണ് വനിതാ സംവരണ ബില്‍. എന്നാല്‍ ലോക്സഭയില്‍ ഈ ബില്‍ പാസ്സാക്കാന്‍ യുപിഎ സര്‍ക്കാരിന് സാധിച്ചില്ല. 

എന്നാല്‍ എന്‍ ഡി എ സര്‍ക്കാര്‍ ബില്‍ വീണ്ടും പോടി തട്ടിയെടുത്തിരിക്കുകയാണ്. സര്‍ക്കാരിന്‍റെ വനിതാ ശാക്തീകരണ ശ്രമങ്ങളിലൊന്നാണ് ഇത് എന്ന് വ്യക്തമാക്കിയാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്.  

2010ല്‍ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ വിജയമായാണ് കോണ്‍ഗ്രസ് ഈ വിജയത്തെ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. സഖ്യകക്ഷികളായ സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ബില്‍ പാസാക്കാന്‍ കഴിയാതിരുന്നത്. ചില കോണ്‍ഗ്രസ് അംഗങ്ങള്‍പോലും ബില്ലിനെ എതിര്‍ത്തിരുന്നു.

ഇപ്പോള്‍ എന്‍ ഡി എ സര്‍ക്കാര്‍ ബില്‍ പുറത്തെടുത്ത അവസരത്തില്‍ വനിതാ സംവരണ ബില്‍ പാസാക്കാനുള്ള കേന്ദ്ര നീക്കത്തെ പിന്തുണച്ച് പ്രധാനമന്ത്രിയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കത്തെഴുതി.

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കത്തെ കോണ്‍ഗ്രസ് എക്കാലത്തും പിന്തുണച്ചിട്ടുണ്ടെന്നും തുടര്‍ന്നും  പിന്തുണയുണ്ടാവുമെന്നും സോണിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ മോദി സര്‍ക്കാര്‍ സ്ത്രീകളുടെ ഉന്നമനത്തിനായി ആവിഷ്‌കരിച്ചിട്ടുള്ള നിരവധി പദ്ധതികളുടെ ഭാഗമായാണ് വനിതാ സംവരണ ബില്‍ അവതരിപ്പിക്കുന്നത് എന്നുമാണ് ബി.ജെ.പി അവകാശപ്പെടുന്നത്.

മുത്വലാഖ് നിരോധനം, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചകവാതക കണക്ഷന്‍ നല്‍കുന്ന പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന, സ്ത്രീകള്‍ക്കായി സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കല്‍, റേഷന്‍ സബ്‌സിഡി ഉള്‍പ്പെടെയുള്ളവ കേന്ദ്രസര്‍ക്കാര്‍ സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമായി  നടപ്പാക്കിയിരുന്നു. 

നിയമ നിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്കായി മൂന്നിലൊന്ന് സീറ്റുകള്‍ സംവരണം ചെയ്യുന്ന ബില്ലാണ് വനിതാ സംവരണ ബില്‍. 1996 ലാണ് ആദ്യമായി വനിതാ സംവരണ ബില്‍ പാര്‍ലമെന്റിന്‍റെ  പരിഗണനയിലെത്തിയത്.  2019 -ലെ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്. 

 

Read More