Home> India
Advertisement

വസുന്ധരാ രാജെ സിന്ധ്യയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് ശരദ് യാദവ്

തിരഞ്ഞെടുപ്പ് വേളയില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് ലോക്താന്ത്രിക് ദള്‍ നേതാവ് ശരദ് യാദവ്.

വസുന്ധരാ രാജെ സിന്ധ്യയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് ശരദ് യാദവ്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വേളയില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് ലോക്താന്ത്രിക് ദള്‍ നേതാവ് ശരദ് യാദവ്.

താനും സിന്ധ്യ കുടുംബവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. തന്‍റെ വാക്കുകള്‍ അവരെ വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു, അദ്ദേഹം പറഞ്ഞു.  

ആല്‍വാറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുതിര്‍ന്ന നേതാവായ ശരത് യാദവ് വസുന്ധര രാജെക്കെതിരേ പരാമര്‍ശം നടത്തിയത്. 'വസുന്ധര രാജെ ഇനിയൊന്ന് വിശ്രമിക്കട്ടെ. അവര്‍ ക്ഷീണിതയുമാണ്, തടിയും കൂടിയിരിക്കുന്നു' എന്നായിരുന്നു ശരദ് യാദവ് പറഞ്ഞത്. എന്നാല്‍ ശരത് യാദവിന്‍റെ പ്രസ്താവന തന്നെ അപമാനിച്ചുവെന്നും ബോഡി ഷെയ്മിങ് നടത്തിയെന്നുമാരോപിച്ച്‌ രൂക്ഷ വിമര്‍ശനവുമായാണ് വസുന്ധരരാജെ രംഗത്തെത്തിയത്.

ശരത് യാദവിന്‍റെ വാക്കുകള്‍ തന്നെ ഞെട്ടിച്ചുവെന്നാണ് വസുന്ധര രാജെ പ്രതികരിച്ചത്. ശരത് യാദവ് തന്നെ അപമാനിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാജസ്ഥാനിലെ ബിജെപി നേതൃത്വം ശരത് യാദവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിയും നല്‍കിയിരുന്നു.

ഞാനുമായും എന്‍റെ കുടുംബവുമായും അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തിയാണദ്ദേഹം. എന്നിട്ടും എന്നെ കുറിച്ച്‌ അദ്ദേഹം മോശമായി സംസാരിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ യുവാക്കള്‍ മാതൃകയാക്കി എടുത്താല്‍ എങ്ങനെ ഇരിക്കും. എന്നെ മാത്രമല്ല, ഇന്ത്യയിലെ സ്ത്രീകളെ തന്നെ അപമാനിക്കുന്നതിന് തുല്യമാണിത്. ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ വസുന്ധരയ്‌ക്കെതിരായ പരാമര്‍ശം വിവാദമായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ താന്‍ തമാശ പറഞ്ഞതായിരുന്നുവെന്ന വിശദീകരണവുമായി ശരത് യാദവ് രംഗത്തെത്തി.''അതൊരു തമാശയായിരുന്നു. വസുന്ധര രാജെയെ മുറിപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. വളരെ നാളായി അടുത്ത് അറിയാവുന്നവരാണ്. തടി കൂടുന്നുവെന്ന് അവരെ കണ്ടപ്പോള്‍ നേരിട്ട് പറഞ്ഞിരുന്നു '' - ശരത് യാദവ് പറഞ്ഞു.

 

Read More