Home> India
Advertisement

ജൂലൈ 31ന് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ അയോധ്യ മധ്യസ്ഥ സമിതിയോട് സുപ്രീംകോടതി

ജൂലൈ 31ന് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ അയോധ്യ മധ്യസ്ഥ സമിതിയോട് സുപ്രീംകോടതി

 

ന്യൂഡല്‍ഹി: അയോധ്യ ബാബറി മസ്ജിദ് തര്‍ക്ക ഭൂമി സംബന്ധിച്ച കേസില്‍ ആഗസ്റ്റ്‌ 2 മുതല്‍ സുപ്രീംകോടതി തുറന്ന കോടതിയില്‍ വാദം കേള്‍ക്കും.  

അതിനാല്‍, മധ്യസ്ഥ ശ്രമങ്ങളുടെ തൽസ്ഥിതിയും പുരോഗതിയും വ്യക്തമാക്കി ജൂലൈ 31-ന് റിപ്പോർട്ട് സമർപ്പിക്കാന്‍ മധ്യസ്ഥ സമിതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. അതുവരെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ തുടരാമെന്നും കോടതി അറിയിച്ചു. 

ജസ്റ്റിസ് എഫ്.എം ഖലിഫുല്ല അദ്ധ്യക്ഷനായ മധ്യസ്ഥ സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗസ്റ്റ്‌ 2ന് വാദം കേൾക്കാൻ ദിവസം കുറിക്കുകയാണെന്നും മധ്യസ്ഥ ശ്രമങ്ങളുടെ തൽസ്ഥിതിയും പുരോഗതിയും വ്യക്തമാക്കി ജൂലൈ 31-ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

കഴിഞ്ഞ മാർച്ച് 8നാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ബാബറി മസ്ജിദ് കേസിൽ മധ്യസ്ഥതയ്ക്കായി മൂന്നംഗ സംഘത്തെ നിയമിച്ചത്. മുൻ സുപ്രീം കോടതി ജഡ്ജ് എഫ്.എം ഖലിഫുല്ല, ആത്മീയഗുരു ശ്രീശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പാഞ്ചു എന്നിവരാണ് സമിതി അംഗങ്ങൾ. ബാബറി മസ്ജിദ് നിലനിന്നിരുന്ന യു.പിയിലെ ഫൈസാബാദിലാണ് മധ്യസ്ഥ നീക്കങ്ങൾ നടക്കുന്നത്. 

എന്നാല്‍, മൂന്നംഗ മധ്യസ്ഥ സംഘത്തിന്‍റെ മധ്യസ്ഥ ശ്രമങ്ങൾ ഫലപ്രദമല്ലെന്നും കേസിൽ നേരത്തെ വാദം കേൾക്കണമെന്നുമാവശ്യപ്പെട്ട് ഗോപാൽ സിംഗ് ഈ മാസം 9ന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആഗസ്റ്റ്‌ 15-ന് സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷമായിരിക്കും വാദം കേൾക്കൽ എന്നാണ് കോടതി നേരത്തെ തീരുമാനമെടുത്തത്. എന്നാൽ, അന്യായക്കാരന്‍റെ ഹർജിയെ തുടർന്ന് മധ്യസ്ഥ സമിതിയോട് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു.

അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന 2 ഏക്കര്‍77 സെന്‍റ് ഭൂമിയുടെ മേലുള്ള തര്‍ക്കത്തിലാണ് സുപ്രിം കോടതിയുടെ മധ്യസ്ഥ ശ്രമം. അയോധ്യ കേസുമായി ബന്ധപ്പെട്ട് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും തര്‍ക്കം പരിഹരിക്കാന്‍ കോടതി മേല്‍നോട്ടത്തില്‍ മധ്യസ്ഥചര്‍ച്ചകള്‍ നടന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി മധ്യസ്ഥ സമിതിയെ നിയോഗിച്ചത്. 

 

Read More