Home> India
Advertisement

കീഴടങ്ങാൻ സമയം തരണമെന്ന് സജ്ജന്‍ കുമാര്‍ കോടതിയില്‍

1984ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം തടവ്‌ വിധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം അപേക്ഷിച്ചു.

കീഴടങ്ങാൻ സമയം തരണമെന്ന് സജ്ജന്‍ കുമാര്‍ കോടതിയില്‍

ന്യൂഡല്‍ഹി: 1984ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം തടവ്‌ വിധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം അപേക്ഷിച്ചു. 

കീഴടങ്ങാൻ മുപ്പത് ദിവസത്തെ സമയം കൂടി തരണമെന്നാണ് സജ്ജന്‍ കുമാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന അപേക്ഷയില്‍ പറയുന്നത്. 

1984ലെ സിഖ് വിരുദ്ധ കലാപത്തിൽ പ്രതിയായ സജ്ജൻ കുമാറിനെ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. ഡിസംബർ 31ന് കീഴടങ്ങാനാണ് ഡല്‍ഹി ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് ജനുവരി 31 വരെ നീട്ടണമെന്നാണ് സജ്ജൻ കുമാറിന്‍റെ അഭ്യർത്ഥന. തനിക്ക് മൂന്നു മക്കളും എട്ട് കൊച്ചുമക്കളുമുണ്ടെന്നും സ്വത്തുക്കളുടെ കാര്യത്തിൽ തീർപ്പാക്കേണ്ടതുണ്ടെന്നുമാണ് സജ്ജൻ കുമാർ തന്‍റെ അപേക്ഷയിൽ പറയുന്നത്. 

അതുകൂടാതെ, ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നും സജ്ജൻ കുമാറിന്‍റെ അഭിഭാഷകൻ അനിൽ ശർമ്മ വ്യക്തമാക്കി. എന്നാൽ കലാപത്തിന്‍റെ ഇരകളായവർ സജ്ജൻ കുമാറിന് കീഴടങ്ങാൻ ഒരുമാസം കൂടുതൽ അനുവദിക്കുന്നതിനെതിരാണെന്ന് മുതിർന്ന അഭിഭാഷകൻ എച്ച് എസ് ഫൂൽകെ പറഞ്ഞു. 

സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസില്‍നിന്നും സജ്ജൻ കുമാർ രാജിവച്ചിരുന്നു.  

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ നടന്ന 1984ലെ സിഖ് വിരുദ്ധ കലാപകേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. വിചാരണ കോടതിയുടെ ഈ നടപടിയെ ചോദ്യം ചെയ്ത് നല്കിയ അപ്പീലുകളിലാണ് ഡല്‍ഹി ഹെക്കോടതി വിധി പറഞ്ഞത്. വിചാരണ കോടതി വിധിക്കെതിരെ സി.ബി.ഐയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമാണ് അപ്പീല്‍ നല്‍കിയത്.

ഡല്‍ഹി കന്‍റോണ്‍മെന്‍റ് മേഖലയിലെ രാജ് നഗറില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസില്‍ 2013ലാണ് സജ്ജന്‍കുമാറിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയത്. അതേസമയം കേസില്‍ മറ്റു അഞ്ച് പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. 

ജസ്റ്റിസ് എസ്. മുരളിധർ, ജസ്റ്റിസ് വിനോദ് ഗോയൽ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ക്രിമിനൽ ഗൂഢാലോചന നടത്തുക, ശത്രുത പ്രോത്സാഹിപ്പിക്കുക, മതസൗഹാർദ്ദത്തിനെതിരായി പ്രവർത്തിക്കുക എന്നീ ആരോപണങ്ങളാണ് സജ്ജന്‍ കുമാറിനെതിരെ ചുമത്തിയിരുന്നത്. 

 

Read More