Home> India
Advertisement

രജനികാന്തിനെ വിമര്‍ശിച്ച് തമിഴ്‌നാട്‌ കോണ്‍ഗ്രസ്‌

ഈ പരാമര്‍ശത്തിനെതിരെ മഹാഭാരതം ഒന്നുകൂടി വായിക്കാനാണ് തമിഴ്നാട് കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ കെ.എസ്.അളഗിരി രജനികാന്തിനോട് ആവശ്യപ്പെട്ടത്.

രജനികാന്തിനെ വിമര്‍ശിച്ച് തമിഴ്‌നാട്‌ കോണ്‍ഗ്രസ്‌

ചെന്നൈ: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ നരേന്ദ്ര മോദിയെയും അമിത് ഷായേയും പ്രശംസിച്ച രജനികാന്തിനേ വിമര്‍ശിച്ച് തമിഴ്നാട് കോണ്‍ഗ്രസ്‌ നേതൃത്വം.

നിങ്ങള്‍ നടത്തിയ കശ്മീര്‍ ദൗത്യത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അമിത്ഷായുടെ പാര്‍ലമെന്റിലെ പ്രസംഗം വളരെ മനോഹരമായിരുന്നു. നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ട് ശ്രീകൃഷ്ണനും അര്‍ജുനനും പോലെയാണ്. എന്നാല്‍ ഇവരില്‍ ആരാണ് അര്‍ജുനന്‍ ആരാണ് കൃഷ്ണന്‍ എന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്നും അത് അവര്‍ക്ക് മാത്രമേ അറിയൂവെന്നുമുള്ള രജനികാന്തിന്‍റെ വിവാദ പ്രസംഗത്തിനെതിരെയാണ് തമിഴ്നാട് കോണ്‍ഗ്രസ്‌ രംഗത്തെത്തിയത്.

ചെന്നൈയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് മോദിയെയും അമിത്ഷായെയും പ്രശംസിച്ചുകൊണ്ട് രജനികാന്ത് ഇങ്ങനെ പ്രസംഗിച്ചത്.

ഈ പരാമര്‍ശത്തിനെതിരെ മഹാഭാരതം ഒന്നുകൂടി വായിക്കാനാണ് തമിഴ്നാട് കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ കെ.എസ്.അളഗിരി രജനികാന്തിനോട് ആവശ്യപ്പെട്ടത്. മാത്രമല്ല രജനികാന്തില്‍ നിന്നും ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ലയെന്നും അളഗിരി വ്യക്തമാക്കി.  

കോടിക്കണക്കിന് ആളുകളുടെ അവകാശങ്ങള്‍ ഹനിക്കുന്നവര്‍ എങ്ങനെയാണ് കൃഷ്ണനും അര്‍ജ്ജുനനും ആകുന്നതെന്നും പ്രിയപ്പെട്ട രജനികാന്ത് ഒന്നുകൂടി ശ്രദ്ധിച്ച് മഹാഭാരതം വായിക്കൂവെന്നുമാണ് അളഗിരി പ്രതികരിച്ചത്.

മാത്രമല്ല ജമ്മുകശ്മീരിനുണ്ടായിരുന്നതിന് സമാനമായ പ്രത്യേക അവകാശങ്ങള്‍ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുമുണ്ടെന്നും എന്നാല്‍ അവയെന്തുകൊണ്ടാണ് റദ്ദാക്കാത്തതെന്നും അദേഹം ചോദിച്ചു. 

Read More