Home> India
Advertisement

അയോധ്യ ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് അദ്ധ്യക്ഷന്‍ യോഗി ആദിത്യനാഥ്‌?

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന്‍റെ അദ്ധ്യക്ഷനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം.

അയോധ്യ ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് അദ്ധ്യക്ഷന്‍ യോഗി ആദിത്യനാഥ്‌?

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന്‍റെ അദ്ധ്യക്ഷനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം. 

രാമജന്മഭൂമി ന്യാസാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്ന നിലയിലല്ല, പകരം ഗോരഖ്‌നാഥ് മഠത്തിലെ മുഖ്യപൂജാരി എന്ന നിലയില്‍ യോഗി ആദിത്യനാഥിനെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് രാമജന്മഭൂമി ന്യാസിന്‍റെ ആവശ്യം. രാമജന്മഭൂമി ന്യാസ് തലവന്‍ നൃത്യ ഗോപാല്‍ ദാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ചരിത്ര പ്രധാനമായ വിധി പ്രസ്താവിച്ച അവസരത്തില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മൂന്നുമാസത്തിനുള്ളില്‍ ട്രസ്റ്റ് രൂപവത്കരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ച്, ഇതിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ത്വരിതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അറ്റോര്‍ണി ജനറലിന്‍റെയും കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെയും നിയമോപദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തേടിയതായാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം നിര്‍മിക്കാന്‍ രൂപവത്കരിച്ച ട്രസ്റ്റിന്‍റെ മാതൃകയില്‍ ട്രസ്റ്റ് രൂപവത്കരിക്കുക എന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണനയിലുള്ളത്.

വിശ്വഹിന്ദു പരിഷത് നേതാക്കളായ ചംപത്‌റായി, ഓം പ്രകാശ് സിംഗാള്‍, രാംജന്മഭൂമി ന്യാസ് മഹന്ത് നൃത്യഗോപാല്‍ ദാസ്‌ എന്നിവരെയും ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. നിര്‍മോഹി അഖാഡയുടെ ഒരു പ്രതിനിധിയെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ട്രസ്റ്റില്‍ എത്ര അംഗങ്ങള്‍ വേണമെന്ന കാര്യത്തില്‍ അറ്റോര്‍ണി ജനറലിന്‍റെയും നിയമ മന്ത്രാലയത്തിന്‍റെയും ഉപദേശങ്ങള്‍ ലഭിച്ചതിനു ശേഷം മാത്രമേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ എന്നാണ് സൂചന.

Read More