Home> India
Advertisement

രാഹുലിന്‍റെ ഇടപെടലാണ് കോണ്‍ഗ്രസ് വിടാന്‍ കാരണം: എസ്.എം കൃഷ്ണ

രാഹുല്‍ ഗാന്ധിയുടെ സ്ഥിരമായ ഇടപെടലാണ് തന്നെ കോണ്‍ഗ്രസ് വിടാന്‍ പ്രേരിപ്പിച്ചതെന്ന വിശദീകരണവുമായി മുതിര്‍ന്ന നേതാവ് എസ്.എം കൃഷ്ണ.

രാഹുലിന്‍റെ ഇടപെടലാണ് കോണ്‍ഗ്രസ് വിടാന്‍ കാരണം: എസ്.എം കൃഷ്ണ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ സ്ഥിരമായ ഇടപെടലാണ് തന്നെ കോണ്‍ഗ്രസ് വിടാന്‍ പ്രേരിപ്പിച്ചതെന്ന വിശദീകരണവുമായി മുതിര്‍ന്ന നേതാവ് എസ്.എം കൃഷ്ണ. 

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് വെറുമൊരു എംപിയായിരുന്ന രാഹുല്‍ ഗാന്ധി നിരവധി കാര്യങ്ങളില്‍ ഇടപെട്ടിരുന്നു, ഇതാണ് കോണ്‍ഗ്രസ്‌ പാര്‍ട്ടി ഉപേക്ഷിച്ച് ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 

‘രാഹുല്‍ ഗാന്ധിയുടെ തുടര്‍ച്ചയായ ഇടപെടലുകളാണ് പാര്‍ട്ടി വിടാന്‍ കാരണമായത്. പാര്‍ട്ടി അദ്ധ്യക്ഷനായി  സ്ഥാനമേല്‍ക്കും മുമ്പ് തന്നെ രാഹുല്‍ പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടാറുണ്ടായിരുന്നു. അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു, കൂടാതെ, എണ്‍പത് വയസ്സായാല്‍ പിന്നെ ആരും പാര്‍ട്ടി ഓഫീസുകളില്‍ ഒരു സ്ഥാനവും വഹിക്കരുതെന്ന കാഴ്ചപ്പാടായിരുന്നു രാഹുലിന്. അതറിഞ്ഞപ്പോള്‍ തന്നെ പാര്‍ട്ടി വിടുകയായിരുന്നു, കൃഷ്ണ പറഞ്ഞു. 

'2009-2014 കാലഘട്ടത്തില്‍ വിദേശ മന്ത്രിയായിരിക്കെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷമായിരുന്നു പാര്‍ട്ടിക്കകത്ത്. മൂന്നര വര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നു. അപ്പോഴാണ് രാഹുല്‍ എണ്‍പതായവര്‍ മന്ത്രി സ്ഥാനം വഹിക്കേണ്ടെന്ന നിര്‍ദ്ദേശം വച്ചത്. ഇത് എന്നെ നിരാശനാക്കി, താന്‍ രാജി വയ്ക്കുകയും ചെയ്തു’- കൃഷ്ണ പറഞ്ഞു. 

മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ വെറുമൊരു എം.പിയായ രാഹുല്‍ ഗാന്ധിക്കായിരുന്നു മുഴുവന്‍ അധികാരവുമെന്നും കൃഷ്ണ കുറ്റപ്പെടുത്തി. 

കോണ്‍ഗ്രസ്‌ പാര്‍ട്ടിയ്ക്ക് സഖ്യ കക്ഷികളുടെമേല്‍ യാതൊരു നിയന്ത്രണവും ഇല്ലായിരുന്നു. ഇതാണ്, 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത്, കല്‍ക്കരി അഴിമതി തുടങ്ങിയവ ഉടലെടുക്കാന്‍ കാരണം. രാജ്യത്ത് ശക്തനായ നേതാവില്ലാത്ത അവസരത്തിലാണ് ഇത്തരം അവസ്ഥ ഉണ്ടാകുന്നത്, അദ്ദേഹം പറഞ്ഞു. 

5 വര്‍ഷം കൂടി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അഴിമതി മുക്തമായ ഭരണം രാജ്യത്തിന് ആവശ്യമാണ് എന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.

2017ലാണ് എസ്.എം കൃഷ്ണ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.

 

 

Read More