Home> India
Advertisement

ബിജെപി വനിതാ എംഎല്‍എയുടെ പ്രവേശനം 'അശുദ്ധ'മാക്കിയ അമ്പലത്തിന് ഗംഗാ ജലം കൊണ്ട് ശുദ്ധീകരണം

വനിതാ എംഎല്‍എ പ്രവേശിച്ചതുമൂലം അശുദ്ധമായ അമ്പലം ഗംഗാജലം തളിച്ച് ശുദ്ധീകരിച്ച് പൂജാരിയും ഗ്രാമീണരും. ഉത്തര്‍ പ്രദേശിലെ ഹമിര്‍പുര്‍ ജില്ലയിലാണ് സംഭവം.

ബിജെപി വനിതാ എംഎല്‍എയുടെ പ്രവേശനം 'അശുദ്ധ'മാക്കിയ അമ്പലത്തിന് ഗംഗാ ജലം കൊണ്ട് ശുദ്ധീകരണം

ഹമിര്‍പുര്‍: വനിതാ എംഎല്‍എ പ്രവേശിച്ചതുമൂലം അശുദ്ധമായ അമ്പലം ഗംഗാജലം തളിച്ച് ശുദ്ധീകരിച്ച് പൂജാരിയും ഗ്രാമീണരും. ഉത്തര്‍ പ്രദേശിലെ ഹമിര്‍പുര്‍ ജില്ലയിലാണ് സംഭവം.

യഥാർഥത്തിൽ ഹമിര്‍പുര്‍ ജില്ലയിലെ മുസ്കര ഗ്രാമത്തില്‍ ധൂമ്ര മുനിയുടെ ആശ്രമമുണ്ട്. ഇവിടെ മുനിയുടെ പ്രതിമയും സ്ഥാപിതമാണ്. ചില പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കി ഈ അമ്പലത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനമില്ല. 
 
ഈ പരമ്പര തെറ്റിച്ചുകൊണ്ട് അമ്പലത്തില്‍ പ്രവേശിക്കുകയും ആരാധന നടത്തുകയും ചെയ്തു സ്ഥലം വനിതാ എംഎല്‍എ മനീഷാ അനുരാഗി. സംഭവം പുറത്തായതോടെ പൂജാരിയും ഗ്രാമീണരും ചേര്‍ന്ന് അമ്പലം ഗംഗജലം തളിച്ച് ശുദ്ധീകരിക്കുകയും പ്രത്യേക പൂജ നടത്തുകയും ചെയ്തു.

ഈ പ്രദേശത്തിന് മഹാഭാരത കാലഘട്ടവുമായി ബന്ധമുണ്ടെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. കാരണം ധൂമ്ര മുനിയുടെ ആശ്രമവും ആ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണ് എന്നാണ് ഐതീഹ്യം. പാണ്ഡവര്‍ വനവാസകാലത്ത് ധൂമ്ര മുനിയുടെ ഈ ആശ്രമത്തില്‍ താമസിച്ചിരുന്നുവെന്നും ആ കാലം മുതല്‍ ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നതായും ആളുകള്‍ ഇന്നും വിശ്വസിക്കുന്നു. 
  
വിവാദത്തിന് ഇടയാക്കിയ സംഭവം നടന്നത് ജൂലൈ 12നാണ്. സ്കൂളില്‍ നടന്ന ഒരു ചടങ്ങില്‍ സംബന്ധിച്ചശേഷം മടക്ക യാത്രയിലാണ് എംഎല്‍എ ഈ അമ്പലം കാണാനിടയായതും അമ്പലത്തിനുള്ളില്‍ പ്രവേശിച്ചതും. എന്നാല്‍ വനിതാ എംഎല്‍എയെ അമ്പലത്തിനുള്ളില്‍ കണ്ടത് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടു. 

വിശ്വാസികളായ ഗ്രാമീണര്‍ ഗംഗാ ജലം കൊണ്ട് അമ്പലം മുഴുവന്‍ ശുദ്ധീകരിച്ചു. കൂടാതെ ധൂമ്ര മുനിയുടെ പ്രതിമ അലഹബാദിലുള്ള ത്രിവേണി സംഗമത്തില്‍ മുക്കി ശുദ്ധി വരുത്തുകയും പിന്നീട് പ്രതിമ പുനസ്ഥാപിക്കുകയും ചെയ്തു. 

സംഭവം വിവാദമായപ്പോള്‍, തനിക്ക് ഈ വിശ്വാസത്തെക്കുറിച്ച് അറിയില്ലെന്ന് എംഎൽഎ മനീഷാ അനുരാഗി പറഞ്ഞു. പുരാതന ക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ താന്‍ അവിടെ ആരാധന നടത്താൻ പോയതായും അവര്‍ പറഞ്ഞു. 

അമ്പല പ്രവേശനം സൃഷ്ടിച്ച കോലാഹലങ്ങള്‍ ഒരുപക്ഷെ അവര്‍ക്ക് അറിയില്ലായിരിക്കാം. എങ്കിലും, രാജ്യത്തിലെ പല ക്ഷേത്രങ്ങളിലും വനിതകളെ പ്രവേശിക്കാന്‍ അനുവദിക്കുന്നതില്‍ സുപ്രീംകോടതി ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാലും ഇക്കാര്യത്തില്‍ ജനങ്ങളുടെ നിലപാട് ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.

 

 

Read More