Home> India
Advertisement

പൗരത്വ ഭേദഗതി ബില്‍ ഇനി നിയമം; രാഷ്ട്രപതി ഒപ്പിട്ടു

ഇരുസഭകളും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വച്ചതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറി.

പൗരത്വ ഭേദഗതി ബില്‍ ഇനി നിയമം; രാഷ്ട്രപതി ഒപ്പിട്ടു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ ഇനി നിയമം. ഇന്നലെ രാത്രിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചത്. 

 

 

ഗസറ്റില്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്ല്യത്തില്‍ വന്നു. ഏറെ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ ലോക്സഭയിലും രാജ്യസഭയിലും ബില്‍ പാസായിരുന്നു.

ഇരുസഭകളും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വച്ചതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറി.

2014 ഡിസംബര്‍ 31 നു മുന്‍പ് പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് ഇനി പുതിയ നിയമപ്രകാരം ഇന്ത്യന് പൗരത്വം ലഭിക്കും.

ഏതെങ്കിലും പ്രത്യേക മതസ്ഥരോട് സര്‍ക്കാര്‍ അസഹിഷ്ണുത കാണിക്കുന്നതല്ലെന്നും ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, എന്നിവ ഇസ്ലാമിക രാഷ്ട്രങ്ങളായതിനാലും അവിടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കടുത്ത മനുഷ്യവകാശ ധ്വംസനം നേരിടേണ്ടി വരുന്ന സാഹചര്യത്തിലാണ് ബില്‍ കൊണ്ടുവന്നതെന്നും കേന്ദ്ര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം അസം, ത്രിപുര ഉള്‍പ്പെടെയുള്ള വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായ പ്രക്ഷോഭങ്ങളാണ് ബില്ലിനെതിരെ നടക്കുന്നത്. 

അസമില്‍ പോലിസ് വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉലുബാരി, ഹാത്തിഗാം, വസിഷ്ടചാരിയാലി എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്.

ഇതിനിടയില്‍ പൗരത്വ ഭേദഗതി ബില്ലില്‍ ആശങ്ക വേണ്ടെന്ന് അസം ജനതയോട് പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചു. 

അസം ജനതയുടെ അവകാശമൊന്നും ആരും കവര്‍ന്നെടുക്കില്ലെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു. അക്രമങ്ങളില്‍ നിന്ന് പിന്തിരിയാനും സംസ്ഥാനത്ത് സമാധാനം കൊണ്ടു വരാനും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.

കൂടാതെ ജനങ്ങൾ ശാന്തരാകണമെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളും ജനങ്ങളോട് അഭ്യർഥിച്ചു. അസമിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More