Home> India
Advertisement

മഹാരാഷ്ട്രയില്‍ തീപ്പൊരി പാറും, നരേന്ദ്രമോദിയും രാഹുലും പ്രചാരണത്തിന്!!

നിയമസഭാ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തീവ്രത കൂട്ടി മുഖ്യ പാര്‍ട്ടികള്‍.

മഹാരാഷ്ട്രയില്‍ തീപ്പൊരി പാറും, നരേന്ദ്രമോദിയും രാഹുലും പ്രചാരണത്തിന്!!

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തീവ്രത കൂട്ടി മുഖ്യ പാര്‍ട്ടികള്‍. 

ദേശീയനേതാക്കളാണ് ഇന്ന് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത്‌. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വീണ്ടും നേര്‍ക്കുനേര്‍ എത്തുകയാണ് ഇന്ന്. ബിജെപിയ്ക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വയം തിരഞ്ഞെടുപ്പ് പ്രചാരണവേദിയിലെത്തുമ്പോള്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനായി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് എത്തുന്നത്. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മൂന്നും റാലികളില്‍ പങ്കെടുക്കും. ജാല്‍ഗണിലും സാകോണിലുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലികള്‍ നടക്കുക. ധാരാവി, വിദര്‍ഭ, ലാത്തുര്‍ എന്നിവിടങ്ങളിലാണ് രാഹുല്‍ ഗാന്ധി എത്തുന്നത്. 

ആകാംക്ഷയോടെയാണ് മഹാരാഷ്ട്ര ഈ തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. 

ശരത് പവാറിന്‍റെ എന്‍സിപിയുമായി തിരഞ്ഞെടുപ്പിന് മുന്‍പേ സഖ്യം ചേര്‍ന്നാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് രംഗത്തിറങ്ങുന്നത്. ഭരണകക്ഷിയായ ബിജെപി-ശിവസേന കൂട്ടുകെട്ട് ശക്തമായിതന്നെ നിലകൊള്ളുകയാണ്. 

വളരെ തന്ത്രപൂര്‍വ്വമാണ് ബിജെപിയുടെ നീക്കം. സംസ്ഥാനത്ത് വലിയ പ്രതീക്ഷയാണ് ബിജെപി-ശിവസേന സഖ്യം വച്ചു പുലര്‍ത്തുന്നത്. 

കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി മുതലാക്കാനാണ് എന്‍ഡിഎയുടെ ശ്രമം. സോണിയാ ഗാന്ധിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്നവര്‍ പക്ഷപാതം കാണിക്കുന്നെന്നും സംസ്ഥാനത്ത് പാര്‍ട്ടി കടുത്ത പരാജയം നേരിടേണ്ടി വരുമെന്നും സഞ്ജയ് നിരുപ൦ ആരോപിച്ചിരുന്നു. ഇതോടെ, സംസ്ഥാന കോണ്‍ഗ്രസില്‍ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. 

അതേസമയം, ബാലാസാഹേബ് തോറാട്ടിന് മേല്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് മുന്നേറുന്നത്. കര്‍ഷകര്‍ക്കിടയിലും തൊഴിലാളികള്‍ക്കിടയിലും ബാലാസാഹേബിനുള്ള ജനപ്രീതി തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ ഭൂരിപക്ഷം സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെയും തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. ഇത് ബാലാസാഹേബിന്‍റെ  നേതൃശേഷിയുടെ ഗുണമാണെന്നാണ് പാര്‍ട്ടി വൃത്തങ്ങളിലെ സംസാരം.
ആകെയുള്ള 288 സീറ്റില്‍ 125 സീറ്റില്‍ വീതമാണ് കോണ്‍ഗ്രസും എന്‍സിപിയും മത്സരിക്കുന്നത്. 

സംസ്ഥാനത്ത് ബിജെപി 150 സീറ്റിലും സഖ്യകക്ഷിയായ ശിവസേന 124 സീറ്റിലുമാണ് മത്സരിക്കുന്നത്.
ബിജെപിയിലെ മറ്റ് സഖ്യക്ഷികള്‍ 14 സീറ്റില്‍ മത്സരിക്കും.

ഒക്ടോബര്‍ 21നാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24ന് നടക്കു൦.

Read More