Home> India
Advertisement

പൗരത്വ ഭേദഗതി നിയമം: രാഷ്ട്രപതിയുമായി പ്രതിപക്ഷ കൂടിക്കാഴ്ച ഇന്ന്‍

കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടുക്ക് പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി പ്രതിപക്ഷ നേതാക്കള്‍!!

പൗരത്വ ഭേദഗതി നിയമം: രാഷ്ട്രപതിയുമായി പ്രതിപക്ഷ കൂടിക്കാഴ്ച ഇന്ന്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടുക്ക് പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി പ്രതിപക്ഷ നേതാക്കള്‍!!

ജാമിയ മിലിയ, അലിഗഢ് സര്‍വ്വകലാശാലകളില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധം അക്രമാസക്തമാവുകയും, നിയമത്തിനെതിരെ രാജ്യമാകമാനം പ്രതിഷേധം ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ്  ഈ കൂടിക്കാഴ്ച. 

ഇരു സര്‍വ്വകലാശാലകളിലേയും വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന പോലീസ് അക്രമം അവസാനിപ്പിക്കുന്നതിന് കേന്ദ്രം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകീട്ട് 4:30നാണ് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കാണുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാരിനാവുന്നില്ല. അതിനാല്‍ രാഷ്ട്രപതി ഇടപെടണം, ഭേദഗതി ബില്‍ റദ്ദാക്കാന്‍ പാര്‍ലമെന്‍റില്‍ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണം എന്നീ ആവശ്യങ്ങളാണ് പ്രതിപക്ഷം പ്രധാനമായും മുന്നോട്ടു വയ്ക്കുന്നത്. 

പൗരത്വ നിയമം റദ്ദാക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷം സംയുക്തമായി രാജ്യവ്യാപക പ്രതിഷേധത്തിനും ഒരുങ്ങുന്നുണ്ട്. 

അതേസമയം, വിദ്യാര്‍ത്ഥികളുടെ പ്രതിഷേധസമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്‌ പരസ്യമായി രംഗത്തെത്തിയിരിയ്ക്കുകയാണ്. തിങ്കളാഴ്‌ച ഇന്ത്യാ ഗേറ്റിനു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ കോണ്‍ഗ്രസ്‌ ജനറല്‍സെക്രട്ടറി  പ്രിയങ്കാ ഗാന്ധിയും മറ്റ് മുതിര്‍ന്ന നേതാക്കളും പങ്കെടുത്തിരുന്നു.

 

Read More