Home> India
Advertisement

റയാൻ സ്കൂളില്‍ ഹാജരായത് നാല് കുട്ടികള്‍ മാത്രം

റയാൻ ഇന്റർനാഷണൽ സ്കൂളിലെ ടോയ്‌ലറ്റില്‍ ഏഴു വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തിന് ഒരാഴ്ചയ്ക്കു ശേഷം സ്കൂള്‍ തുറന്ന ഇന്ന് ക്ലാസ്സിലെത്തിയത് നാല് കുട്ടികള്‍ മാത്രം.

 റയാൻ സ്കൂളില്‍ ഹാജരായത് നാല് കുട്ടികള്‍ മാത്രം

ഗുരുഗ്രാം: റയാൻ ഇന്റർനാഷണൽ സ്കൂളിലെ ടോയ്‌ലറ്റില്‍ ഏഴു വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തിന് ഒരാഴ്ചയ്ക്കു ശേഷം സ്കൂള്‍ തുറന്ന ഇന്ന് ക്ലാസ്സിലെത്തിയത് നാല് കുട്ടികള്‍ മാത്രം. 

കൊല്ലപ്പെട്ട പ്രദ്യുമൻ ടാക്കൂറിന്‍റെ സഹപാഠികളായ നാല് കുട്ടികളാണ് ഇന്ന് ക്ലാസ്സില്‍ ഹാജരായത്. അതില്‍ രണ്ടുപേര്‍ മാതാപിതാക്കളോടൊപ്പമാണ് വന്നത്. ഇവര്‍ സ്കൂളില്‍ നിന്നും ടി.സി വാങ്ങിപ്പോവുകയും ചെയ്തു.

പ്രദ്യുമന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്കൂള്‍ ബസ് കണ്ടക്ടര്‍ അശോക്‌ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട കുട്ടി ടോയ്‌ലറ്റിലേക്ക് പ്രവേശിക്കുന്ന സമയത്ത് ഇയാളുടെ സാന്നിദ്ധ്യം അവിടെ ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. പ്രദ്യുമൻ ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുമ്പോള്‍ പെട്ടെന്ന് മതിലിന്‍റെ ചുമരുകളില്‍ രക്തം ചീറ്റി തെറിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്ന്‍ കണ്ടെടുത്തിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തത്.

പ്രദ്യുമന്‍റെ കൊലപാതകം സൃഷ്ടിച്ച ഭീതിയില്‍ നിന്ന്  ഈ കുരുന്നുകള്‍ ഇതുവരേയും മുക്തരായിട്ടില്ല എന്ന് അവരുടെ മുഖത്തുനിന്നും മനസിലാക്കാം. സംഭവം സൃഷ്ടിച്ച സങ്കടവും ഭീതിയും കുട്ടികളില്‍ നിന്നും ഇനിയും വിട്ടുമാറിയിട്ടില്ല.

കുട്ടികളെക്കാളേറെ ആശങ്ക മാതാപിതാക്കള്‍ക്കാണ് ഉള്ളത്. പലരും കുട്ടികളെ നേരിട്ട് സ്കൂളില്‍ എത്തിക്കുകയും അധ്യാപകരെ കണ്ട് അവരുടെ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്തശേഷമാണ് തിരികെ പോയത്. 

അതേസമയം, കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് സ്കൂള്‍ ഇന്ന് തുറന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സിബിഐ 
അന്വേഷണസംഘം സ്ഥലത്തെത്തി തെളിവെടുപ്പ് ആരംഭിക്കാത്ത സാഹചര്യത്തില്‍ ശേഷിക്കുന്ന സാഹചര്യ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് സൂചിപ്പിച്ചു.

കഴിഞ്ഞ സെപ്റ്റംബര്‍ 8നാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ പ്രദ്യുമന്‍ ടാക്കൂറിനെ സ്കൂളിലെ ശുചിമുറിയില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

Read More