Home> India
Advertisement

അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിനെ എന്‍ഐഎ ഇന്ന് ചോദ്യം ചെയ്യും

ഭീകരവാദ സംഘങ്ങളുമായി ദേവീന്ദറിനുള്ള ബന്ധം അന്വേഷിക്കാനും ഭീകരാക്രമണ സംഭവങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കാനുമാണ് എന്‍ഐഎക്കുള്ള നിര്‍ദേശം.

അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിനെ എന്‍ഐഎ ഇന്ന് ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിനെ എന്‍ഐഎ സംഘം ഇന്ന് ചോദ്യം ചെയ്യും.

ശ്രീനഗറില്‍ എത്തിയായിരിക്കും സംഘം ദേവീന്ദര്‍ സിംഗിനെ ചോദ്യം ചെയ്യുന്നത്. സിംഗിന്‍റെ പേരില്‍ യുഎപിഎ വകുപ്പ് ചുമത്തിയതിന്റെ അടിസ്ഥാനത്തില്‍ അയാളുടെ ഭീകരവാദ ബന്ധങ്ങള്‍ എന്‍ഐഎ അന്വേഷിക്കും.

മാത്രമല്ല ശ്രീനഗര്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ദേവീന്ദര്‍ വിമാനത്താവളം വഴി ഭീകരരെ കടത്താന്‍ ഒത്താശ ചെയ്‌തോ എന്ന വിഷയത്തിലും എന്‍ഐഎ അന്വേഷിക്കും.

കഴിഞ്ഞ ദിവസമാണ് ദേവീന്ദര്‍ സിംഗിന്‍റെ കേസ് എന്‍ഐഎയ്ക്ക് കൈമാറിയത്. ഭീകരവാദ സംഘങ്ങളുമായി ദേവീന്ദറിനുള്ള ബന്ധം അന്വേഷിക്കാനും ഭീകരാക്രമണ സംഭവങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കാനുമാണ് എന്‍ഐഎക്കുള്ള നിര്‍ദേശം.

ദേവീന്ദര്‍ സിംഗിന്‍റെ വീട്ടില്‍ നിന്നും ശ്രീനഗറിലെ സൈനിക ആസ്ഥാനത്തിന്‍റെ മാപ്പ് കണ്ടെത്തിയിരുന്നു. ഹിസ്‌ബുള്‍ ഭീകരര്‍ക്കൊപ്പം ഡല്‍ഹിയിലേക്കുള്ള കാര്‍ യാത്രക്കിടെയാണ് ദേവീന്ദര്‍ സിംഗിനെ പൊലീസ് അറസ്റ്റു ചെയ്തത്. 

ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരായ നവീദ് ബാവ, അല്‍ത്താഫ് എന്നിവര്‍ക്കൊപ്പമായിരുന്നു സിംഗ് യാത്ര ചെയ്തിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് കൂടെയുള്ള ഭീകരരെ തിരിച്ചറിഞ്ഞത്.

ഭീകരരെ കാശ്മീര്‍ അതിര്‍ത്തി കടക്കാന്‍ ദേവീന്ദര്‍ സഹായിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

Also read: കശ്മീരില്‍ അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിന്‍റെ പൊലീസ് മെഡല്‍ പിന്‍വലിച്ചു
 

Read More