Home> India
Advertisement

ഇന്ത്യ-ചൈന രണ്ടാം അനൗദ്യോഗിക ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കം

ചൈനയിലെ വുഹാനില്‍ നടന്ന ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ രണ്ടാം പതിപ്പിനാണ് മഹാബലിപുരം ഇന്ന്‍ ആതിഥ്യം വഹിക്കുന്നത്.

ഇന്ത്യ-ചൈന രണ്ടാം അനൗദ്യോഗിക ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കം

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ചൈനീസ്‌ പ്രസിഡന്റ് ഷീ ചിന്‍പിങ്ങ്ന്‍റെയും രണ്ടാം അനൗദ്യോഗിക ഉച്ചകോടി ഇന്ന്‍ തുടങ്ങും.

നാലു വ്യത്യസ്ത യോഗങ്ങളിലായി അഞ്ച് മണിക്കൂറിലധികം ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

ചൈനയിലെ വുഹാനില്‍ നടന്ന ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ രണ്ടാം പതിപ്പിനാണ് മഹാബലിപുരം ഇന്ന്‍ ആതിഥ്യം വഹിക്കുന്നത്. 

കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലാണ് ഈ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. വിവാദ വിഷങ്ങള്‍ മാറ്റിവെച്ചുള്ള ചര്‍ച്ചയായിരിക്കും രണ്ടു രാജ്യങ്ങളും തമ്മില്‍ നടത്തുകയെന്നാണ് സൂചന.

വ്യാപാര മേഖലയില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഉണ്ടായേക്കും. ഇന്ന്‍ ഉച്ചയ്ക്ക് ഒന്നരയോടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങ് ചെന്നൈയിലെത്തുമെന്നാണ് സൂചന. 

ഇന്നും നാളെയും നടക്കുന്ന ചര്‍ച്ചകളില്‍ കരാര്‍ പ്രധാന അജന്‍ഡയാകുമെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് ഉത്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കൂട്ടാനിടയാക്കുന്ന ആര്‍സിഇപി കരാര്‍ ആഭ്യന്തര ഉത്‌പാദനത്തെയും വ്യവസായത്തെയും തകര്‍ക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. 

ഈ സാഹചര്യത്തില്‍ കരാറില്‍ ഇന്ത്യ കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. നയതന്ത്ര പ്രതിനിധികളും വ്യവസായികളുമടങ്ങുന്ന സംഘം രണ്ട് ദിവസം പൈതൃകനഗരിയിലുണ്ടാകും.

ചെറുകിട വ്യവായങ്ങള്‍ക്ക് ഗുണകരമാകുന്ന ചര്‍ച്ചകളും ഉച്ചകോടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുമായുള്ള ഭിന്നതകള്‍ മാറ്റിവെച്ച് സൗഹൃദത്തോടെ മുന്നേറാന്‍ ശ്രമിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് മുന്‍പ് ചൈന വ്യക്തമാക്കി. 

റോ‍ഡുകളെല്ലാം മുഖം മിനുക്കി കഴിഞ്ഞു. പഞ്ചരഥ ശില്‍പം, തീരക്ഷേത്രം, അര്‍ജുന ഗുഹ, മുക്കുവ ഗുഹ തുടങ്ങിയ മഹാബലിപുരത്തിന്‍റെ വിസ്മയങ്ങള്‍ ഉച്ചക്കോടിക്കിടെ ഇരുനേതാക്കളും സന്ദര്‍ശിക്കും.

ചെന്നൈയിലെത്തുന്ന ചൈനീസ് പ്രസിഡന്റിനെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.  അതിന്‍റെ മുന്നോടിയായി കനത്ത സുരക്ഷയിലാണ് മഹാബലിപുരം. മാത്രമല്ല വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണവുമുണ്ട്. 

Read More