Home> India
Advertisement

ആദിത്യ താക്കറേയെ മുഖ്യമന്ത്രിയാക്കണം... നിലപാടിലുറച്ച് ശിവസേന

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരവേ, നിലപാട് വ്യക്തമാക്കി ശിവസേന.

ആദിത്യ താക്കറേയെ മുഖ്യമന്ത്രിയാക്കണം... നിലപാടിലുറച്ച് ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരവേ, നിലപാട് വ്യക്തമാക്കി ശിവസേന.

ശിവസേന നേതാവ് ആദിത്യ താക്കറേയെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍ സംസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

ശിവസേന തലവന്‍ ഉദ്ദവ് താക്കറേയുടെ വസതിയായ മാതോശ്രീയ്ക്ക് മുന്‍പിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. "എന്‍റെ എംഎല്‍എ എന്‍റെ മുഖ്യമന്ത്രി" എന്നാണ് ആദിത്യയുടെ ചിത്രം സഹിതമുള്ള പോസ്റ്ററില്‍ പറയുന്നത്. മുഖ്യമന്ത്രിയാകുന്നെങ്കില്‍ അത് ആദിത്യ മാത്രമായിരിക്കും എന്നുള്ള ബോര്‍ഡുകള്‍ നേരത്തെ ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ നീക്കിയിരുന്നു. 

ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ അദ്ധ്യക്ഷനായ ആദിത്യ വോര്‍ലിയില്‍ നിന്നാണ് വിജയിച്ചത്. കൂടാതെ, താക്കറേ കുടുംബത്തില്‍നിന്നുള്ള ആദ്യ എംഎല്‍എയാണ് ആദിത്യ താക്കറേ. 

ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നല്‍കിയ വാഗ്ദാനമായ 50-50 ഫോര്‍മുലയാണ് ആദിത്യ താക്കറേയെ മുഖ്യമന്ത്രിയക്കണം' എന്ന ശിവസേനയുടെ ആവശ്യത്തിന് അടിസ്ഥാനം. കൂടാതെ, ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റം സാധ്യമാകാതെ പോയ തിരഞ്ഞെടുപ്പില്‍, തങ്ങള്‍ക്കും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശമുണ്ടെന്ന കടുംപിടുത്തത്തിലാണ് ശിവസേന. 

50-50 ഫോര്‍മുലയാണ് ശിവസേന എന്‍ഡിഎ നേതൃത്വത്തിന് മുന്നില്‍ വച്ചിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടാന്‍ സാധിക്കില്ല എന്നും അടുത്ത 5 വര്‍ഷത്തേയ്ക്ക് ദേവേന്ദ്ര ഫട്നവിസ് തന്നെയായിരിക്കും സംസ്ഥാന മുഖ്യമന്ത്രിയെന്നുമാണ് ബിജെപിയുടെ നിലപാട്.

തങ്ങളുടെ ആവശ്യത്തില്‍ അടിയുറച്ചു നില്‍ക്കുന്ന ശിവസേനയെ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മയക്കാന്‍ ബിജെപിയ്ക്ക് സാധിക്കുന്നില്ല എന്നതാണ് നിലവില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് തടസ്സമായി നില്‍ക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാക്കനുസരിച്ചു എല്ലാ കാര്യത്തിലും 50:50 ഫോര്‍മുല പ്രാവര്‍ത്തികമാക്കണമെന്ന നിബന്ധനയില്‍ ഉറച്ചു നില്‍ക്കുകയാണ് ശിവസേന. എന്നാല്‍, ബിജെപിയാകട്ടെ അത്തരമൊരു "വാക്ക്" ശിവസേനയ്ക്ക് നല്‍കിയതായി ഓര്‍മ്മിക്കുന്നുമില്ല.
 കൂടാതെ, അടുത്ത 5 വര്‍ഷത്തേയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് ആയിരിക്കുമെന്ന് ബിജെപി പ്രസ്താവിക്കുകയും' ചെയ്തു.

അതേസമയം, ബിജെപിക്കു തനിച്ചു സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ടതോടെയാണ് വമ്പന്‍ അവകാശവാദവുമായി ശിവസേന രംഗത്തിറങ്ങിയത് എന്നാണ് പരക്കെയുള്ള  വിലയിരുത്തല്‍. 

288 അംഗ നിയമസഭയില്‍ 105 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ പാര്‍ട്ടി. ശിവസേന 56, എന്‍സിപി 54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണു കക്ഷിനില. 

നിലവിലെ നിയമസഭയുടെ കാലാവധി നവംബര്‍ 8ന് അവസാനിക്കും.

Read More