Home> India
Advertisement

മുംബൈ ഹെലികോപ്ടര്‍ അപകടം; നാല് പേര്‍ മരിച്ചു, തെരച്ചില്‍ തുടരുന്നു

മുംബൈ ഹെലികോപ്ടര്‍ അപകടം; നാല് പേര്‍ മരിച്ചു, തെരച്ചില്‍ തുടരുന്നു

മുംബൈ: മുംബൈയില്‍ ഒഎന്‍ജിസിയിലെ ജീവനക്കാരുമായി പോയ ഹെലികോപ്ടര്‍ കടലില്‍ തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു. ഇതില്‍ മൂന്ന് പേര്‍ മലയാളികളാണ്. എറണാകുളം കോതമംഗലം സ്വദേശി ജോസ് ആന്റണി, ചാലക്കുടി സ്വദേശി വി.കെ ബിന്ദുലാല്‍ ബാബു, തൃശ്ശൂര്‍ സ്വദേശി പി.എന്‍ ശ്രീനിവാസ്, പങ്കജ് ഗാര്‍ഗ് എന്നിവരാണ് മരിച്ചത്. മറ്റ് മൂന്ന് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.

ഉള്‍ക്കടലില്‍ നിന്ന് ഹെലികോപ്ടറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. രണ്ട് പൈലറ്റുമാരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.

ഇന്നു രാവിലെ ജൂഹു വിമാനത്താവളത്തില്‍ നിന്നും ഒഎന്‍ജിസി ഓയില്‍ റിഗിലേക്ക് പോയ ഹെലികോപ്ടര്‍ ആണ് അപകടത്തില്‍പെട്ടത്. കടലില്‍ 30 നോട്ടിക്കല്‍ മൈല്‍ അകലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. ഒഎന്‍ജിസിയിലെ അഞ്ച് ജീവനക്കാര്‍ അടക്കം ഏഴുപേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.രാവിലെ 10.25 ന് ഓയില്‍ റിഗില്‍ എത്തേണ്ടിയിരുന്ന ഹെലികോപ്ടര്‍ കാണാതായതോടെ തെരച്ചില്‍ ആരംഭിച്ചിരുന്നു. നേവിയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

 

Read More