Home> India
Advertisement

പിറവിദിനം ആശംസിച്ച് പരീക്കര്‍; തിരിച്ചുവരവ് ജൂണ്‍ അവസാനം

ഗോവ നിവാസികള്‍ക്ക് സംസ്ഥാന പിറവി ദിനം ആശംസിച്ച് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍.

പിറവിദിനം ആശംസിച്ച് പരീക്കര്‍; തിരിച്ചുവരവ് ജൂണ്‍ അവസാനം

പനാജി: ഗോവ നിവാസികള്‍ക്ക് സംസ്ഥാന പിറവി ദിനം ആശംസിച്ച് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍.  

അമേരിക്കയില്‍ പാന്‍ക്രിയാസ് രോഗത്തിന് ചികിത്സ നടത്തുന്ന പരീക്കര്‍ തന്‍റെ വീഡിയോ സന്ദേശം കൊങ്കിണി ഭാഷയിലാണ് നല്‍കിയത്. ഗോവയുടെ 31-ാമത് പിറവി ദിനത്തില്‍ നല്‍കിയ ആശംസയില്‍ കഴിഞ്ഞ 31 വർഷത്തിനിടയിൽ സംസ്ഥാനം വളരെയധികം വളർച്ച കൈവരിച്ചിട്ടുണ്ട് എന്നഭിപ്രായപ്പെട്ടു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച അദ്ദേഹം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പറഞ്ഞു. 

പ്രധാനമന്ത്രിയും ഗോവ നിവാസികള്‍ക്ക് സംസ്ഥാന പിറവി ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു.

അതേസമയം, അമേരിക്കയില്‍ ചികിത്സ തേടുന്ന മനോഹര്‍ പരീക്കറിന്‍റെ തിരിച്ചു വരവ് വൈകുമെന്നാണ് സൂചന. അതിനാല്‍ ഗോവ മന്ത്രിസഭാ ഉപദേശക സമിതിയുടെ കാലാവധി സര്‍ക്കാര്‍ നീട്ടിയിരിക്കുകയാണ്. ഒരു മാസത്തേക്കു കൂടിയാണ് കാലാവധി നീട്ടിയത്. ചികിത്സതുടരുന്ന സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രി തന്നെയാണ് പ്രത്യേക ഉത്തരവിലൂടെ സമിതിയുടെ കാലാവധി നീട്ടിയതും കൂടുതല്‍ പണം കൈകാര്യം ചെയ്യാനുള്ള അധികാരവും നല്‍കിയത്.

മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളായ സുദിന്‍ ധവാലികര്‍ (മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി), ഫ്രാന്‍സിസ് ഡിസൂസ (ബിജെപി.), വിജയ് സര്‍ദേശായ് (ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി) എന്നിവരാണ് സമിതിയംഗങ്ങള്‍. ജൂണ്‍ 30 വരെയാണ് കാലാവധി.

ഒരുമാസത്തെ ചികിത്സയ്ക്കായി മാര്‍ച്ച്‌ ആദ്യവാരമാണ് മനോഹര്‍ പരീക്കര്‍ അമേരിക്കയിലേക്കു പോയത്.

 

 

Read More