Home> India
Advertisement

സാക്കിർ നായികിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ആവശ്യം മലേഷ്യന്‍ സര്‍ക്കാര്‍ തള്ളി

സാക്കിർ കുഴപ്പങ്ങളൊന്നും ഉണ്ടാക്കുന്നില്ല. രാജ്യത്തെ സ്ഥിരതാമസക്കാരനായതിനാല്‍ അദ്ദേഹത്തെ തിരിച്ചയക്കാനാവില്ലെന്നും മഹാതിര്‍ പറഞ്ഞു.

സാക്കിർ നായികിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ആവശ്യം മലേഷ്യന്‍ സര്‍ക്കാര്‍ തള്ളി

പുത്രജയ (മലേഷ്യ): വിവാദ മതപ്രഭാഷകന്‍ സാക്കിർ നായികിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ആവശ്യം തള്ളി മലേഷ്യന്‍ സര്‍ക്കാര്‍. സാക്കിർ നായികിനെ തിരിച്ചയക്കില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് വ്യക്തമാക്കി.

സാക്കിർ കുഴപ്പങ്ങളൊന്നും ഉണ്ടാക്കുന്നില്ല. രാജ്യത്തെ സ്ഥിരതാമസക്കാരനായതിനാല്‍ അദ്ദേഹത്തെ തിരിച്ചയക്കാനാവില്ലെന്നും മഹാതിര്‍ പറഞ്ഞു.

സാക്കിർ നായികിനെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുന്ന കാര്യം പുന:പരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മലേഷ്യയോട് ആവശ്യപ്പെട്ടിരുന്നു. തനിക്ക് നീതി ലഭിക്കും എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം ഇന്ത്യയിലേക്ക് മടങ്ങി വരാമെന്നും അതുവരെ മാതൃരാജ്യത്തേക്ക് ഇല്ലെന്നും സാക്കിർ നായിക് വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ച രാത്രിയോടെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് ഉന്നത മലേഷ്യന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മൊഹമ്മദ് റബൈ അബു ബക്കർ കോലാലമ്പൂരിൽ ഒരു ദേശീയ മാധ്യമത്തെ അറിയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

2016 ജൂലൈ ഒന്നിനാണ് സാക്കിർ നായിക് ഇന്ത്യയില്‍ നിന്നും കടക്കുന്നത്. മലേഷ്യയിലെ പുത്രജയയില്‍ താമസിച്ചുവരികയായിരുന്ന സാക്കിറിന്, മലേഷ്യന്‍ സര്‍ക്കാര്‍ സ്ഥിര താമസത്തിനുള്ള അവസരവും നല്‍കിയിരുന്നു.

2016ല്‍ ധാക്കയിലെ ഹോളി ആര്‍ട്ടിസന്‍ റസ്‌റ്റോറന്റില്‍ ഭീകരാക്രമണം നടത്തിയ ആറുപേരില്‍ രണ്ടുപേര്‍ സാക്കിർ നായികിന്‍റെ മതപ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിനുശേഷം സാക്കിർ എന്‍ഐഎ നിരീക്ഷണത്തിലായിരുന്നു.

അതേസമയം സാക്കിര്‍ നായികിനെ ഉറപ്പായും രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തില്‍ അറസ്റ്റ് ചെയ്ത് നീതി ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ഹന്‍സ് രാജ് ആഹിര്‍ വ്യക്തമാക്കി.

 

 

Read More