Home> India
Advertisement

ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ ∙ ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ജയലളിതയുടെ ആരോഗ്യം പൊതുതാല്‍പ്പര്യമല്ലെന്നും ഹര്‍ജി നല്‍കിയ ട്രാഫിക് രാമസ്വാമിയുടെ നീക്കം പ്രശസ്തിക്കുവേണ്ടിയെന്നും കോടതി പറഞ്ഞു. 

കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ഇല്ലായിരുന്നതിനാല്‍ ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പരാതി പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതിയെ പറ്റി വിശദമായ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ചു സംസ്ഥാന സർക്കാർ മദ്രാസ് ഹൈക്കോടതിയെ ഇന്ന് അറിയിച്ചു. തുടർന്നാണ് ഹർജിയിൽ കൂടുതൽ വാദം കേൾക്കേണ്ടെന്നു തീരുമാനിച്ച് കോടതി ഹർജി തള്ളിയത്.

അതേസമയം, ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി എയിംസില്‍ നിന്നും ഡോക്ടര്‍മാരുടെ മൂന്നംഗ സംഘം ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തി. ശ്വാസകോശ ചികിത്സാ വിദഗ്ധന്‍ ജി.സി. ഖില്‍നാനി, ഹൃദരോഗ വിദഗ്ധന്‍ നിതീഷ് നായിക്, അനസ്ഥേഷ്യ വിദഗ്ധന്‍ അന്‍ജന്‍ തൃഘ എന്നീ ഡോക്ടര്‍മാരാണ് ജയയെ പരിശോധിക്കുന്നതിനായെത്തിയത്.

പനിയും നിർജലീകരണവും മൂലം കഴിഞ്ഞ മാസം 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയലളിത ചികിത്സയോടു നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയിൽ കൂടുതൽ പുരോഗതിയുണ്ടെന്നും അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു. ലണ്ടൻ ഗയ്‌സ് ആൻഡ് സെന്റ് തോമസ് ആശുപത്രിയിലെ ഡോ. റിച്ചാർഡ് ബീലിന്‍റെ മേൽനോട്ടത്തിലാണ് ചികിൽസ തുടരുന്നത്.

Read More