Home> India
Advertisement

മധ്യപ്രദേശ് മന്ത്രിസഭാ വിപുലീകരണത്തില്‍ മൗനം പാലിച്ച് ശിവരാജ് സിംഗ് ചൗഹാന്‍.... !!

ജൂണ്‍ 30 ന് മധ്യപ്രദേശ് മന്ത്രിസഭാ വിപുലീകരണ൦ പ്രഖ്യാപിച്ചിരുന്ന ശിവരാജ് സിംഗ് ചൗഹാന്‍ കേന്ദ്രത്തില്‍ നിന്നും എത്തിയ ശേഷം മൗനം പാലിച്ചിരിയ്ക്കുകയാണ്....

മധ്യപ്രദേശ് മന്ത്രിസഭാ വിപുലീകരണത്തില്‍  മൗനം പാലിച്ച് ശിവരാജ്  സിംഗ്  ചൗഹാന്‍.... !!

ഭോപാല്‍: ജൂണ്‍ 30 ന്  മധ്യപ്രദേശ് മന്ത്രിസഭാ വിപുലീകരണ൦  പ്രഖ്യാപിച്ചിരുന്ന  ശിവരാജ്  സിംഗ്  ചൗഹാന്‍  കേന്ദ്രത്തില്‍ നിന്നും എത്തിയ ശേഷം  മൗനം പാലിച്ചിരിയ്ക്കുകയാണ്.... 

അതേസമയം,  മന്ത്രിസഭാ വിപുലീകരണ൦ ഉടനുണ്ടാകുമെന്നുള്ള പ്രഖ്യാപനവും, തുടര്‍ന്നുള്ള അദ്ദേഹത്തിന്‍റെ ഡല്‍ഹി സന്ദര്‍ശനവും സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ പ്രതീക്ഷ ഉണര്‍ത്തിയിരുന്നു. എന്നാല്‍, ശിവരാജ്  സിംഗ്  ചൗഹാന്‍ തീരുമാനം  വ്യക്തമാക്കാത്ത നിലയ്ക്ക് നേതാക്കളുടെ നീണ്ട കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്.

ചില കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ നിലപാടുകളോട് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനുള്ള വിയോജിപ്പാണ്  മന്ത്രിസഭാ വിപുലീകരണം  വൈകുന്നതിനുള്ള കാരണമെന്നും എം.എല്‍.എമാരില്‍ ആരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്നതില്‍ ഇപ്പോഴും  ആശയക്കുഴപ്പമാണെന്നും സൂചനകള്‍ പുറത്തു വരുന്നുണ്ട്.  ബിജെപി കേന്ദ്ര നേതൃത്വവുമായി നിരവധി ചര്‍ച്ചകള്‍   മന്ത്രിമാരുടെ കാര്യത്തില്‍ സമവായത്തിലെത്താന്‍ ഇതുവരെ  കഴിഞ്ഞിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന  ജ്യോതിരാദിത്യ സിന്ധ്യ ക്യാമ്പിന്‍റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍  ശിവരാജ്  സിംഗ്  ചൗഹാന്‍ പ്രയാസപ്പെടുകയാണ്.   22 എം.എല്‍.എമാരാണ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം കോണ്‍ഗ്രസ്‌ വിട്ടു ബിജെപിയില്‍ ചേര്‍ന്നത്‌.  കൂടാതെ, തങ്ങള്‍ക്ക് 11 മന്ത്രി സ്ഥാനങ്ങള്‍ വേണമെന്ന ആവശ്യവും  ജ്യോതിരാദിത്യ സിന്ധ്യ ക്യാമ്പ് ആവശ്യപ്പെടുന്നുണ്ട്. കമല്‍നാഥ് മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന തുള്‍സി ശിലാവത്, ഗോവിന്ദ് സിംഗ്  എന്നിവര്‍ ഏപ്രില്‍ 21 ന് മന്ത്രിമാരായി  സത്യപ്രതിജ്ഞ ചെയ്തിരുന്നു. 

ഇനി ജ്യോതിരാദിത്യ സിന്ധ്യ ക്യാമ്പിലെ  9 പേര്‍ക്ക് കൂടി മന്ത്രി സ്ഥാന൦ നല്‍കണം.   എന്നാല്‍ 9  മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെക്കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ ചൗഹാന് തന്‍റെ  പഴയ ടീമില്‍നിന്നും  പലരേയും ഒഴിവാക്കേണ്ടി വരും.   ഇത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ തര്‍ക്കങ്ങള്‍ തുടരുകയാണെന്നാണ് സൂചന. 

സിന്ധ്യയ്‌ക്കൊപ്പമുള്ള 11 പേരെ മന്ത്രി സ്ഥാനത്തേയ്ക്ക്  പരിഗണിക്കുന്നതില്‍ മുതിര്‍ന്ന ചില ബി.ജെ.പി നേതാക്കള്‍ക്ക് വിയോജിപ്പുണ്ട്.   ഇതിനിടെ, രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാം എന്ന ആശയവും മുന്നോട്ടു വച്ചിരുന്നു.   ആഭ്യന്തര മന്ത്രി നരോത്തം മിശ്ര, സിന്ധ്യയ്‌ക്കൊപ്പമുള്ള തുള്‍സിറാം ശിലാവത് എന്നിവരെയാണ് ഉപമുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ആലോചിച്ചിരുന്നത്. എന്നാല്‍, സിന്ധ്യയ്‌ക്കൊപ്പമുള്ള ഒരാളെ ഉള്‍പ്പെടുത്തി രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ പരിഗണിക്കുന്നതിനോട് ശിവരാജ് സിംഗ്  ചൗഹാന്‍ താത്പര്യം കാട്ടിയില്ല എന്നും പറയപ്പെടുന്നു.

മാര്‍ച്ചില്‍ അധികാരമേറ്റെടുത്ത ഉടന്‍ ഏപ്രില്‍ 21ന് മന്ത്രിസഭ വികസിപ്പിക്കുമെന്നായിരുന്നു ചൗഹാന്‍ അറിയിച്ചിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് 5  പേര്‍ മാത്രമാണ് അന്ന് സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ വികസിപ്പിക്കുമെന്നും ചൗഹാന്‍ പ്രഖ്യാപിച്ചു.  മന്ത്രിസ്ഥാനം  ലഭിക്കാത്തവര്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്യുമോ എന്ന ആശങ്കയായിരുന്നു അതിന് പിന്നില്‍. 

ശിവരാജ് സിംഗ് ചൗഹാന്‍ കഴിഞ്ഞ ദിവസം ജ്യോതിരാദിത്യ സിന്ധ്യയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇതിലെ വിവരങ്ങളൊന്നും  പുറത്തുവന്നിട്ടില്ല.

മാര്‍ച്ച് 23നാണ് ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.  കോവിഡ് പ്രതിസന്ധിക്കാലത്ത് ഒരു മാസത്തോളം ഏകാംഗ മന്ത്രിസഭയായിരുന്നു  മധ്യപ്രദേശിനെ നയിച്ചത്. പ്രതിപക്ഷത്ത് നിന്നും കോണ്‍ഗ്രസ് വന്‍ വിമര്‍ശനം ഉയര്‍ത്തിയതോടെ ചൗഹാന്‍ ആദ്യഘട്ട മന്ത്രിസഭാ രൂപീകരണം  നടത്തുകയായിരുന്നു.

Read More