Home> India
Advertisement

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്രമോദി കേരളത്തിലെത്തും

തിരുവനന്തപുരത്തും കോഴിക്കോട്ടും നടക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്രമോദി കേരളത്തിലെത്തും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തുന്നു.  ഏപ്രില്‍ 12 വെള്ളിയാഴ്ച ആയിരിക്കും മോദി കേരളത്തില്‍ എത്തുന്നത് എന്നാണ് വിവരം.

തിരുവനന്തപുരത്തും കോഴിക്കോട്ടും നടക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കും. കോഴിക്കോട്ട് വൈകിട്ട് അഞ്ചിനും തിരുവനന്തപുരത്ത് വൈകിട്ട് ഏഴിനുമായിരിക്കും മോദി സംസാരിക്കുന്നത്. 

കുമ്മനം മത്സരിക്കുന്ന തിരുവനന്തപുരവും, കെ.സുരേന്ദ്രന്‍ മത്സരിക്കുന്ന പത്തനംതിട്ടയും ബിജെപിയ്ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലങ്ങളാണ്. പ്രധാനമന്ത്രിയുടെ വരവ് വിജയസാധ്യത കൂട്ടും എന്നാണ് അണികളുടെ പ്രതീക്ഷ. 

മാത്രമല്ല കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനാല്‍ നരേന്ദ്രമോദിയുടെ കോഴിക്കോട്ടെ പൊതുയോഗവും ഏറെ ശ്രദ്ധയര്‍ഹിക്കുന്നതാണ്.  വരുംദിവസങ്ങളില്‍ ബിജെപിയുടെ കേന്ദ്ര നേതാക്കളും പ്രചാരണം കൊഴുപ്പിക്കാന്‍ കേരളത്തില്‍ എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 

അതില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ബിഎസ്‌ യെദ്യുരപ്പ ഈ മാസം എട്ടിനും, കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും ആര്‍.കെ സിംഗും ഒന്‍പതാം തീയതിയും വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് പതിനൊന്നാം തീയതിയും പ്രചാരണത്തിനെത്തും എന്നായിരുന്നു റിപ്പോര്‍ട്ട്.

പിന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് 13 നും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി 15 നും പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ 16 നും റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ 19 നും മുഖ്താർ അബ്ബസ് നഖ്വി 20 നും കേരളത്തിലെത്തും എന്നാണ് റിപ്പോര്‍ട്ട്. 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊട്ടിക്കലാശ ദിനമായ ഏപ്രില്‍ 21 ന് കേരളത്തില്‍ പ്രചാരണത്തിനായെത്തും എന്നാണ് വിവരം.

Read More