Home> India
Advertisement

പൗരത്വ നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി; ഇനി ബില്‍ രാജ്യസഭയിലേയ്ക്ക്

വോട്ടെടുപ്പ് സമയത്ത് 391 പേരാണ് സഭയില്‍ ഉണ്ടായിരുന്നത്. 311 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 80 പേര്‍ ബില്ലിനെ ലോക്സഭയില്‍ എതിര്‍ത്തു.

പൗരത്വ നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി; ഇനി ബില്‍ രാജ്യസഭയിലേയ്ക്ക്

ന്യൂഡല്‍ഹി: ശക്തമായ പ്രതിഷേധങ്ങളിലൊന്നും കുലുങ്ങാതെ പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. 

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള പൗരത്വ ഭേദഗതി ബില്‍ല്ലാണ് ലോകസഭ പാസാക്കിയത്.

വോട്ടെടുപ്പ് സമയത്ത് 391 പേരാണ് സഭയില്‍ ഉണ്ടായിരുന്നത്. 311 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 80 പേര്‍ ബില്ലിനെ ലോക്സഭയില്‍ എതിര്‍ത്തു. ഇനി ബില്ല് രാജ്യസഭയുടെ പരിഗണനയ്ക്ക് എത്തും.

രാജ്യസഭ പാസ്സാക്കിയാല്‍ രാഷ്‌ട്രപതി ഒപ്പ് വെക്കുന്നതോടെ ബില്‍ നിയമമാകും. 

12 മണിക്കൂറുകള്‍ നീണ്ട ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ചര്‍ച്ചയില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കി. ഇതിനു ശേഷമാണ് ബില്‍ വോട്ടിനിട്ടത്. 

48 പേരാണ് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. ബില്ലില്‍ പ്രതിപക്ഷത്തുനിന്ന് പി.കെ കുഞ്ഞാലിക്കുട്ടി, എന്‍.കെ.പ്രേമചന്ദ്രന്‍, ശശി തരൂര്‍ അടക്കമുള്ളവര്‍ കൊണ്ടുവന്ന ഭേദഗതി വോട്ടിനിട്ട് തള്ളി.

മതങ്ങളുടെ പേരിന് പകരം എല്ലാ മതങ്ങളിലുമുള്ളവര്‍ക്ക് പൗരത്വം നല്‍കണമെന്നാണ് ഭേദഗതിയില്‍ കൂടുതലും ആവശ്യപ്പെട്ടിരുന്നത്. ഇതിന് ശേഷമാണ് ബില്‍ പാസാക്കിയത്. 

അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ അവരുടെ ഭരണഘടനയില്‍ തന്നെ ഇസ്ലാമിക രാജ്യങ്ങളെന്ന് എഴുതിവെച്ചിട്ടുണ്ടെന്ന് ബില്ലിന്മേലുള്ള ചര്‍ച്ചക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. 

അവിടെയുള്ള ന്യൂനപക്ഷങ്ങള്‍ മറ്റ് സമുദായക്കാരാണ്. അവര്‍ ആ രാജ്യങ്ങളില്‍ മതപരമായ പീഡനം നേരിടുന്നുണ്ട്. അവരെല്ലാം ഇന്ത്യയിലേക്ക് അഭയാര്‍ഥികളായാണ് എത്തിയതെന്നും അവരെല്ലാം നുഴഞ്ഞുകയറ്റക്കാരല്ലെന്നും അമിത് ഷാ സഭയില്‍ പറഞ്ഞു.

ഇന്ത്യയില്‍ വ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നും ലോക്‌സഭയില്‍ അമിത് ഷാ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് പറഞ്ഞ അമിത് ഷാ അവരുടെ മതേതരത്വമെന്താണെന്ന് മനസിലാകുന്നില്ലയെന്നും പറഞ്ഞു.

കേരളത്തില്‍ മുസ്ലീം ലീഗിനൊപ്പവും മഹാരാഷ്ട്രയില്‍ ശിവസേനയ്‌ക്കൊപ്പവുമാണ് കോണ്‍ഗ്രസുള്ളതെന്നും അമിത് ഷാ പരിഹസിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംരക്ഷിത മേഖലകളെ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് സൂചന. 

എന്‍ഡിഎയിലെ എല്ലാ കക്ഷികളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. എന്‍ഡിഎയ്ക്ക് പുറത്തുള്ള ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ തുടങ്ങിയ കക്ഷികളും ബില്ലിനെ അനുകൂലിച്ചു.

രാജ്യസഭയില്‍ 83 അംഗങ്ങളുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. ബിജു ജനതാദള്‍, എഐഎഡിഎംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെ ബില്‍ രാജ്യസഭയിലും പാസാക്കാമെന്ന വിശ്വാസത്തിലാണ് ബിജെപി.

Read More