Home> India
Advertisement

കമലഹാസനിന്ന് അറുപത്തിമൂന്നാം പിറന്നാള്‍

അറുപത്തി മൂന്നാം പിറന്നാൾ ദിനമായ ഇന്ന് രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് സുപ്രധാന പ്രഖ്യാപനം നടത്താനൊരുങ്ങുകയാണ് നടൻ കമലഹാസൻ. ജനങ്ങൾക്ക് പരാതികൾ നൽകാനും സംവദിയ്ക്കാനുമുള്ള മൊബൈൽ ആപ്ലിക്കേഷൻ കമലഹാസന്‍ ഇന്ന് പുറത്തിറക്കും. ചെന്നൈയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാത്ത പിറന്നാളാകും ഇന്നത്തേതെന്ന് കമൽ പ്രഖ്യാപിച്ചിരുന്നു.

കമലഹാസനിന്ന് അറുപത്തിമൂന്നാം പിറന്നാള്‍

ചെന്നൈ: അറുപത്തി മൂന്നാം പിറന്നാൾ ദിനമായ ഇന്ന് രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് സുപ്രധാന പ്രഖ്യാപനം നടത്താനൊരുങ്ങുകയാണ് നടൻ കമലഹാസൻ. ജനങ്ങൾക്ക് പരാതികൾ നൽകാനും സംവദിയ്ക്കാനുമുള്ള മൊബൈൽ ആപ്ലിക്കേഷൻ കമലഹാസന്‍ ഇന്ന് പുറത്തിറക്കും. ചെന്നൈയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാത്ത പിറന്നാളാകും ഇന്നത്തേതെന്ന് കമൽ പ്രഖ്യാപിച്ചിരുന്നു.

അന്നും ഇന്നും രാഷ്ട്രീയജീവിയാണ് നടൻ കമൽഹാസൻ. സിനിമകളിലും എഴുത്തിലും വാക്കുകളിലും രാഷ്ട്രീയം പറയാൻ കമലിന് പേടിയുണ്ടായിരുന്നില്ല. ദ്രാവിഡരാഷ്ട്രീയത്തിൽ അടിയുറച്ച് വിശ്വസിയ്ക്കാനും മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ച് ഉറക്കെ സംസാരിയ്ക്കാനും കമൽ ഒരിക്കലും മടിച്ചില്ല. രാഷ്ട്രീയം വേർതിരിയ്ക്കാനാകാത്ത തമിഴ് സിനിമാ ലോകത്ത് അധികാരം സ്വപ്നം കാണാതെ രാഷ്ട്രീയജീവിയായി തുടരുമെന്ന് പ്രഖ്യാപിച്ച കമൽ ഒടുവിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തുകയാണ്. പാർട്ടി പ്രഖ്യാപിയ്ക്കുമെന്നും അതിന് മുന്നോടിയായി ജനങ്ങളുമായി സംവദിയ്ക്കുകയാണെന്നും കമൽ ഏറ്റവുമൊടുവിൽ നടന്ന ആരാധകസംഗമത്തിലും പ്രഖ്യാപിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം ജല്ലിക്കട്ട് സമരകാലത്താണ് ശക്തമായ രാഷ്ട്രീയ പ്രസ്താവനകളുമായി കമൽഹാസൻ വീണ്ടും ജനങ്ങൾക്ക് മുന്നിലെത്തിയത്. ബിജെപിയുടെ കളിപ്പാവയായ അണ്ണാ ഡിഎംകെയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച കമൽ കേന്ദ്രസർക്കാരിന്‍റെ സാമ്പത്തികനയങ്ങൾക്കെതിരെയും ശബ്ദമുയർത്തി. രാഷ്ട്രീയം പഠിയ്ക്കാനെന്നു തന്നെ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും കണ്ടു. ജയലളിതയുടെ മരണത്തിനും അനാരോഗ്യം മൂലം കരുണാനിധി സജീവരാഷ്ട്രീയം ഉപേക്ഷിച്ചതിനും ശേഷം ശക്തമായ ദ്രാവിഡബിംബങ്ങളില്ലാത്ത തമിഴ്നാട്ടിൽ ബിജെപി വിരുദ്ധവികാരം മുതലെടുക്കാൻ കമൽ ശ്രമിയ്ക്കുന്നു. ബിജെപിയോടും വലതുപക്ഷരാഷ്ട്രീയത്തോടും ചായ്‍വ് പുലർത്തുന്ന രജനീകാന്തും രാഷ്ട്രീയപ്രവേശത്തിന്‍റെ സൂചന നൽകുമ്പോൾ വീണ്ടുമൊരു താരരാഷ്ട്രീയത്തിന് തമിഴ്‌നാട്ടിൽ കളമൊരുങ്ങുകയാണ്.

Read More