Home> India
Advertisement

എതിരില്ലാതെ അദ്ധ്യക്ഷ പദവിയിലേയ്ക്ക് ജെ. പി. നദ്ദ!

ബിജെപി ദേശീയ അദ്ധ്യക്ഷനായി ജെ. പി. നദ്ദ തിരഞ്ഞെടുക്കപ്പെട്ടു.

എതിരില്ലാതെ അദ്ധ്യക്ഷ പദവിയിലേയ്ക്ക് ജെ. പി. നദ്ദ!

ഡല്‍ഹി: ബിജെപി ദേശീയ അദ്ധ്യക്ഷനായി ജെ. പി. നദ്ദ തിരഞ്ഞെടുക്കപ്പെട്ടു.

ഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയാസ്ഥാനത്ത് നടന്ന യോഗത്തിലാണ് നദ്ദയെ ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്. നദ്ദ ഇന്ന് തന്നെ ചുമതലയേല്‍ക്കും. 

രാവിലെ 10-ന് ആരംഭിച്ച തിരഞ്ഞടുപ്പ് നടപടികള്‍ക്കൊടുവിലാണ് തീരുമാനം. കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവര്‍ നദ്ദയ്ക്കുവേണ്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. 2മണിക്ക് സൂക്ഷ്മപരിശോധന നടന്നു. നദ്ദയ്ക്കുവേണ്ടിയല്ലാതെ മറ്റാര്‍ക്കുവേണ്ടിയും പത്രിക സമര്‍പ്പിക്കപ്പെടാതിരുന്ന സാഹചര്യത്തില്‍  നദ്ദയെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്‌കരി തുടങ്ങിയ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്തിരുന്നു. ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് നാലു മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന അനുമോദന യോഗം നടക്കും. ശേഷം നദ്ദ ബിജെപി ദേശീയ അദ്ധ്യക്ഷനായി ചുമതയേല്‍ക്കും. 

കഴിഞ്ഞ 5 വര്‍ഷം ബിജെപിയുടെ ദേശീയ അദ്ധ്യക്ഷ പദവിയില്‍തുടര്‍ന്ന ശേഷമാണ് അമിത് ഷാ പദവി  ഒഴിയുന്നത്.

അതേസമയം, അമിത് ഷാ അദ്ധ്യക്ഷ പദവിയൊഴിയുമെങ്കിലും പാർട്ടിയുടെ കടിഞ്ഞാൺ അമിത് ഷായുടെ കൈയിൽത്തന്നെയാകുമെന്നാണ് സൂചന. നദ്ദ അദ്ധ്യക്ഷനായാലും ബിജെപിയുടെ നയങ്ങളിലോ നിലപാടുകളിലോ മാറ്റമുണ്ടാകില്ല. ഒന്നാം മോദി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന ഇദ്ദേഹം, 'നിശ്ശബ്ദനായ സംഘാടകൻ’ എന്നാണ് പാർട്ടിക്കുള്ളിൽ അറിയപ്പെടുന്നത്. 

കടുത്ത വെല്ലുവിളികള്‍ക്കിടെയാണ് ജെ. പി. നദ്ദ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നത്‌. ഏറ്റവും വലിയ വെല്ലുവിളി ഫെബ്രുവരി 8ന് നടക്കുന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് തന്നെ. ഡല്‍ഹിയില്‍ അധികാരം പിടിച്ചെടുക്കുക എന്നതൊഴിച്ച് മറ്റൊന്നും പാര്‍ട്ടിയ്ക്ക് സ്വീകാര്യമല്ല. എന്നാല്‍, ആം ആദ്മി പാര്‍ട്ടിയുടെ ജനസമ്മിതിയ്ക്ക് മുന്‍പില്‍ നദ്ദയുടെ തന്ത്രങ്ങള്‍ ഫലം കാണുമോ? പാര്‍ട്ടിയുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം  നദ്ദയ്ക്ക് കാഴ്ചവയ്ക്കാന്‍ സാധിക്കുമോ? അതാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍...  

Read More