Home> India
Advertisement

ഇന്ത്യ എന്‍റെ പിതാവിന്‍റെ രാജ്യമാണ്. എന്നെ ആര്‍ക്കും ബലമായി ഓടിക്കാനാവില്ല- ഉവൈസി

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമിന്‍ (എഐഎംഐഎം) അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയും തമ്മിലാണ് ഇപ്പോള്‍ വാക്പോര് ശക്തമാവുന്നത്.

ഇന്ത്യ എന്‍റെ പിതാവിന്‍റെ രാജ്യമാണ്. എന്നെ ആര്‍ക്കും ബലമായി ഓടിക്കാനാവില്ല- ഉവൈസി

ഹൈദരാബാദ്: തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കള്‍ തമ്മിലുള്ള വാക്പോരിനും മൂര്‍ച്ച കൂടുകയാണ്. 

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമിന്‍ (എഐഎംഐഎം) അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയും തമ്മിലാണ് ഇപ്പോള്‍ വാക്പോര് ശക്തമാവുന്നത്. 

ഇന്ത്യ തന്‍റെ പിതാവിന്‍റെ രാജ്യമാണെന്നും തന്നെ ഇവിടുന്ന് ഓടിക്കാമെന്ന് ആരും വ്യമോഹിക്കേണ്ടെന്നും അസദുദ്ദീന്‍ ഉവൈസി പ്രസ്താവിച്ചു. തെലങ്കാനയില്‍ ബിജെപി അധികാരത്തിലേറിയാല്‍ ഹൈദരാബാദില്‍ നിന്ന് നിസാം നാടുവിട്ട പോലെ, പലായനം ചെയ്യേണ്ടി വരുമെന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനക്കുള്ള മറുപടിയായാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. 

തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് യോഗിക്കെതിരെ ഉവൈസി ആഞ്ഞടിച്ചത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുടെ ഭീഷണികള്‍ക്ക് തന്നെ തകര്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രവാചകന്‍ ആദം സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലിറങ്ങിയത് ഇന്ത്യയിലാണെന്നാണ് വിശ്വാസം. അതിനാല്‍ ഇന്ത്യ എന്‍റെ പിതാവിന്‍റെ രാജ്യമാണ്. ഈ രാജ്യത്ത് നിന്ന് ആര്‍ക്കും തന്നെ ബലമായി ഓടിക്കാനാവില്ല- ഉവൈസി പറഞ്ഞു. 

അതേസമയം, ചരിത്ര യാഥാര്‍ഥ്യങ്ങളെ കുറിച്ച് യോഗി അജ്ഞനാണെന്ന് ഉവൈസി പരിഹസിച്ചു. യോഗി വിശ്വസിക്കുന്ന പോലെ നൈസാം മിര്‍ ഉസ്മാന്‍ അലി ഖാന്‍ ഹൈദരാബാദില്‍ നിന്ന് പലായനം ചെയ്തിട്ടില്ല. അദ്ദേഹം രാജ് പ്രമുഖനായിരുന്നു. ചൈനയുമായുള്ള യുദ്ധകാലത്ത് തന്‍റെ കൈവശമുള്ള സ്വര്‍ണം അടക്കമുള്ള സമ്പാദ്യങ്ങള്‍ ഇന്ത്യക്ക് നല്‍കുകയാണ് നൈസാം ചെയ്തതെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

യോഗി ആദിത്യനാഥിന്‍റേത് വെറും പ്രസംഗം മാത്രമാണ്. പ്രസംഗത്തിലെ ഭാഷ നരേന്ദ്രമോദിയുടേതാണ്. മുഖ്യമന്ത്രി പദവിയെ ഉയര്‍ത്തുന്ന നിലയിലുള്ള ഭാഷയിലാണ് യോഗി പ്രസംഗിക്കേണ്ടതെന്നും ഉവൈസി പറഞ്ഞു. സ്വന്തം നിയമസഭാ മണ്ഡലത്തില്‍ പ്രതിവര്‍ഷം നൂറുകണക്കിന് നവജാത ശിശുക്കള്‍ മരണപ്പെടുന്ന സംഭവത്തില്‍ പരിഹാരം കാണുകയാണ് യോഗി ആദ്യം ചെയ്യേണ്ടതെന്നും ഉവൈസി ആവശ്യപ്പെട്ടു. 

അതേസമയം, യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനക്കെതിരെ ഉവൈസിയുടെ സഹോദരന്‍ അക്ബറുദ്ദീന്‍ ഉവൈസി എം.എല്‍.എയും രംഗത്തെത്തി. ഞങ്ങളില്‍ ഒരാള്‍ പോലും ഇന്ത്യയില്‍ നിന്ന് പലായനം ചെയ്യില്ലെന്നും തങ്ങളുടെ ആയിരം തലമുറകള്‍ ഈ രാജ്യത്ത് ജീവിക്കുമെന്നും അക്ബറുദ്ദീന്‍ ഉവൈസി പ്രസ്താവിച്ചു. 

 

Read More