Home> India
Advertisement

ഇന്ത്യയില്‍ പാക് ഭീകര സംഘടനയുടെ ആക്രമണത്തിനും വര്‍ഗീയ കലാപത്തിനും സാധ്യത

പാക്കിസ്ഥാന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ആക്രമണത്തിന് ഒരുങ്ങുന്നതെന്നാണ് മുന്നറിയിപ്പ്.

ഇന്ത്യയില്‍ പാക് ഭീകര സംഘടനയുടെ ആക്രമണത്തിനും വര്‍ഗീയ കലാപത്തിനും സാധ്യത

വാഷിങ്ടണ്‍: ഇന്ത്യയില്‍ തുടരെയുള്ള ഭീകരാക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ആസ്ഥാനമായുള്ള ഇന്റലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പ്. ഇന്ത്യ കൂടാതെ അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനും ഭീകരസംഘടനകളുടെ ലക്ഷ്യമാണെന്ന് ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ ഡാന്‍ കോട്‌സ് അറിയിച്ചു. 

പാക്കിസ്ഥാന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ആക്രമണത്തിന് ഒരുങ്ങുന്നതെന്നാണ് മുന്നറിയിപ്പ്. 2019  ജൂലൈയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ വന്‍ തോതിലുള്ള ആക്രമണം നടക്കാനിടയുണ്ടെന്ന് ഡാന്‍ കോട്‌സ് പറഞ്ഞു. 

മാത്രമല്ല പൊതു തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഇന്ത്യയില്‍ ഭീകരാക്രമണത്തോടൊപ്പം വര്‍ഗീയകലാപങ്ങള്‍ക്കും സാധ്യതയുണ്ടെന്നും ഡാന്‍ കോട്‌സ് പറഞ്ഞു. പാക്കിസ്ഥാന്‍ ഭീകസംഘടനകളെ സ്വാര്‍ഥ ലക്ഷ്യങ്ങള്‍ക്ക് ആയുധമായി ഉപയോഗിക്കുകയാണെന്നും കോട്‌സ് ചൂണ്ടിക്കാട്ടി. 

രാജ്യസുരക്ഷയ്ക്ക് തലവേദനയായ സംഘടനകളെ ഒഴികെ ബാക്കിയുള്ളവയെ പാക്കിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇത്തരം സംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ സുരക്ഷാ താവളമൊരുക്കുകയാണെന്നും കോട്‌സ് പറഞ്ഞു.  

താലിബാനെതിരെ യുഎസ് നടപ്പാക്കിയ ഭീകരവിരുദ്ധ ഉദ്യമങ്ങള്‍ ഈ സംഘടനകള്‍ക്ക് ഇച്ഛാഭംഗമുണ്ടാക്കാനിടയുണ്ടെന്നും തുടര്‍ന്ന് തിരിച്ചടികള്‍ മറ്റു രാജ്യങ്ങള്‍ക്ക് നേരെയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ലോകവ്യാപകമായി ഭീകരസംഘടനാപ്രവര്‍ത്തനങ്ങളെ കുറിച്ച് രഹസ്യാന്വേഷണം നടത്തിയതിനെ തുടര്‍ന്ന് കണ്ടെത്തിയ നിഗമനങ്ങള്‍ കോട്‌സും യുഎസിലെ മറ്റ് പ്രമുഖ ഇന്റലിജന്‍സ് ഏജന്‍സികളും സെനറ്റ് സെലക്ട് കമ്മിറ്റിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Read More