Home> India
Advertisement

ട്രംപിന്‍റെ വാദം ശരിയെങ്കില്‍ മോദി രാജ്യതാല്‍പര്യം ബലികഴിച്ചു: രാഹുല്‍ ഗാന്ധി

രണ്ടാഴ്ച മുന്‍പ് മോദിയുമായി നടത്തിയ സംഭാഷണത്തിനിടയില്‍ കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥനാകാന്‍ കഴിയുമോ എന്ന് ചോദിച്ചുവെന്നാണ് ട്രംപിന്‍റെ വാദം.

ട്രംപിന്‍റെ വാദം ശരിയെങ്കില്‍ മോദി രാജ്യതാല്‍പര്യം ബലികഴിച്ചു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ട്രംപിന്‍റെ വാദം ശരിയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യതാല്‍പര്യം ബലികഴിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി.

കശ്മീര്‍ വിഷയത്തില്‍ രാജ്യത്തിന്‍റെ താല്‍പര്യം കേന്ദ്ര സര്‍ക്കാര്‍ മാനിച്ചില്ലെന്നും 1972-ലെ ഷിംല കരാറിന്‍റെ ലംഘനമാണിതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 

ദുര്‍ബലമായ വിദേശകാര്യ മന്ത്രാലയം ട്രംപിന്‍റെ അവകാശംവാദം തള്ളിയതുകൊണ്ട് കാര്യമില്ലെന്ന് പറഞ്ഞ രാഹുല്‍ അമേരിക്കന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ എന്തൊക്കെയാണ് സംസാരിച്ചതെന്ന് വ്യക്തമാക്കാന്‍ മോദി തയ്യാറാകണമെന്നും പറഞ്ഞു.

രണ്ടാഴ്ച മുന്‍പ് മോദിയുമായി നടത്തിയ സംഭാഷണത്തിനിടയില്‍ കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥനാകാന്‍ കഴിയുമോ എന്ന് ചോദിച്ചുവെന്നാണ് ട്രംപിന്‍റെ വാദം.  അത് ശരിയാണെങ്കില്‍ രാജ്യതാല്‍പര്യത്തെയും 1972 ലെ ഷിംല കരാറിനെയുമാണ് മോദി വഞ്ചിച്ചതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആരോപിച്ചു.

 

 

എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഒരു സഹായവും തേടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. പാകിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യം സ്വാഗതം ചെയ്ത കോണ്‍ഗ്രസ്‌ പിന്നെന്തിനാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്ന് ചോദിച്ചിരുന്നു.

Read More