Home> India
Advertisement

എഎന്‍ 32 ദുരന്ത൦: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു

അരുണാചൽ പ്രദേശിൽ തകർന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ ഇന്ന് അസമിലുള്ള ജോർഹട്ട് എയർബേസിലെത്തിക്കും.

എഎന്‍ 32 ദുരന്ത൦: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു

ന്യൂഡല്‍ഹി: അരുണാചൽ പ്രദേശിൽ തകർന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ ഇന്ന് അസമിലുള്ള ജോർഹട്ട് എയർബേസിലെത്തിക്കും.

എയർബേസില്‍ നിന്നും മൃതദേഹങ്ങൾ അവരവരുടെ നാട്ടിലെത്തിക്കാനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു. 

കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ദുരന്തസ്ഥലത്ത് നടത്തിയ തിരച്ചിലില്‍ വിമാനത്തിലെ 13 യാത്രക്കാരുടേയും മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു. ഒപ്പം വിമാനത്തിന്‍റെ ബ്ലാക് ബോക്സും കണ്ടെടുത്തു. വിമാനം തകര്‍ന്നുവീണ അരുണാചല്‍ പ്രദേശിലെ ലിപോക്കിന് സമീപമുള്ള പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി എന്‍ കെ ഷെരില്‍, കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ് എന്നിവരാണ് മരിച്ച മലയാളികള്‍. ആറ് ഉദ്യോഗസ്ഥരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 

ജൂണ്‍ 3നാണ് വിമാനം കാണാതായത്. അസമിലെ ജോര്‍ഹട്ടില്‍നിന്ന് 12.30-ന് മെന്‍ചുക അഡ്വാന്‍സ് ലാന്‍ഡി൦ഗ് ഗ്രൗണ്ടിലേക്ക് തിരിച്ച എഎന്‍- 32 എന്ന വിമാനവുമായുള്ള സമ്പര്‍ക്കം 1 മണിയോടെ നഷ്ടമായിരുന്നു. ചൈന അതിര്‍ത്തിയായ മെചൂക്കയിലേക്കുള്ള യാത്രമധ്യേയായിരുന്നു വ്യോമസേന വിമാനവുമായുള്ള ബന്ധം നഷ്ടമായത്. 

കഴിഞ്ഞ ഒരാഴ്ചയായി ഈ വിമാനത്തിനായുള്ള തെരച്ചില്‍ നടക്കുകയായിരുന്നു. വനപ്രദേശവുമായതിനാലും ഒപ്പം പ്രതികൂല കാലാവസ്ഥയും തെരച്ചില്‍ കൃത്യമായി നടത്താന്‍ സാധിക്കാത്ത സാഹചര്യം ഉളവാക്കിയിരുന്നു. 

ചൊവ്വാഴ്ച ഉച്ചയോടെയാണ് കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് വടക്ക് ഭാഗത്തായി വ്യോമ പാതയില്‍ നിന്ന് 15 മുതല്‍ 20 കിലോമീറ്റര്‍ അകലത്തിലായാണ് വ്യോമസേന വിമാനത്തിന്‍റെ  അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

മിഗ് 17, സി 130, സുഖോയ് 30 വിമാനങ്ങളും കരസേന ഹെലികോപ്റ്ററുകളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വിമാനത്തിന്‍റെ  അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 

 

Read More