Home> India
Advertisement

പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന്‍ ലോക്സഭയില്‍ അവതരിപ്പിക്കും

ബില്ലിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന്‍ ലോക്സഭയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: പ്രതിഷേധങ്ങളെ അവഗണിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൗരത്വ നിയമഭേദഗതി ബില്‍ (CAB) ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. 

 

 

ബില്ലിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. മുസ്ലിം ലീഗ് ഇന്ന് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കും.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ശേഷമായിരിക്കും പൗരത്വ നിയമഭേദഗതി ബില്‍ അവതരിപ്പിക്കുന്നത്. രണ്ടായിരത്തി പതിനാലിന് മുമ്പ് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് വന്ന അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നല്‍കും. 

മുസ്ലീങ്ങള്‍ ഒഴികെയുള്ള അഭയാർത്ഥികൾക്കാവും പൗരത്വം നല്‍കുന്നത്. ഇന്ത്യയിലെത്തുന്ന അഭയാർത്ഥികൾ പൗരത്വം നേടാൻ കുറഞ്ഞത് 11 കൊല്ലമെങ്കിലും ഇവിടെ താമസിച്ചിരിക്കണം എന്നത് ഇനി മുതല്‍ അഞ്ചുവര്‍ഷമാക്കും എന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകള്‍.

ഈ വിഷയത്തില്‍ രാജ്യത്തെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടക്കം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായതിന് പിന്നാലെയാണ് സഭയില്‍ ബില്‍ എത്തുന്നത്. 

ഇന്നുമുതല്‍ ഡിസംബര്‍ 12 വരെ പാര്‍ലമെന്റില്‍ ഉണ്ടായിരിക്കണമെന്ന് ബിജെപി എംപിമാര്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്. ലോക്സഭയില്‍ ഈ ബില്‍ പാസായാല്‍ 11ന് തന്നെ രാജ്യസഭയിലും ബില്‍ എത്തുമെന്നാണ് സൂചന. 

ബില്‍ സഭയില്‍ പാസാകുകയാണെങ്കില്‍ ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനായിരിക്കും പ്രതിപക്ഷം ശ്രമിക്കുകയെന്നും സൂചനയുണ്ട്. 

കോണ്‍ഗ്രസിന് പുറമേ ഇടത് പാര്‍ട്ടികള്‍, ആര്‍ജെഡി, ഡിഎംകെ, മുസ്ലീം ലീഗ്, എസ്പി, ബിഎസ്പി, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യും. 

ഇക്കാര്യത്തില്‍ ശിവസേനയും ത്രിണമുല്‍ കോണ്‍ഗ്രസും എന്ത് നിലപാടാണ് സഭയില്‍ എടുക്കുന്നതെന്നാണ് കാണേണ്ടിയിരിക്കുന്നത്. 

Read More