Home> India
Advertisement

മസൂദ് അസറിനെ ശപിച്ചിരുന്നുവെങ്കില്‍ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ ആവശ്യമുണ്ടാവില്ലായിരുന്നു...!!

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയശ്രദ്ധ നേടിയ മണ്ഡലമാണ് ഭോപ്പാല്‍. ഈ മണ്ഡലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ദിഗ്‍വിജയ് സിംഗും മാലേഗാവ് സ്ഫോടനക്കേസ് പ്രതിയായ സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറും തമ്മിലാണ് പോരാട്ടം.

മസൂദ് അസറിനെ ശപിച്ചിരുന്നുവെങ്കില്‍ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ ആവശ്യമുണ്ടാവില്ലായിരുന്നു...!!

ഭോപ്പാല്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയശ്രദ്ധ നേടിയ മണ്ഡലമാണ് ഭോപ്പാല്‍. ഈ മണ്ഡലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ദിഗ്‍വിജയ് സിംഗും മാലേഗാവ് സ്ഫോടനക്കേസ് പ്രതിയായ സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറും തമ്മിലാണ് പോരാട്ടം. 

തിരഞ്ഞെടുപ്പിന് ഏറെ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ദിഗ്‍വിജയ് സിംഗ് ഭോപ്പാലില്‍ തന്‍റെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ചെറുത്തുതോല്‍പ്പിക്കാന്‍ കരുത്തുള്ള ഒരു സ്ഥാനാര്‍ഥിയെതേടിയുള്ള ബിജെപിയുടെ അന്വേഷണം ഒടുക്കം ചെന്നെത്തിയത് മാലേഗാവ് സ്ഫോടനക്കേസ് പ്രതിയായ സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിലാണ്.

പ്രഗ്യാ സിംഗ് ഠാക്കൂര്‍ മത്സര രംഗത്തെത്തിയതോടെ തിരഞ്ഞെടുപ്പ് രംഗം കൊഴുത്തു. വാഗ്വാദങ്ങളും വിവാദ പരാമര്‍ശങ്ങളും പരാതികളും ഒരു തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. 

ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ പ്രഗ്യാ സിംഗ് ഠാക്കൂര്‍ ശപിച്ചാല്‍ പിന്നെ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ ആവശ്യമുണ്ടാവില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗിന്‍റെ പരിഹാസരൂപേണയുള്ള പരാമര്‍ശം. 
അശോക് ഗാര്‍ഡന്‍സില്‍ നടന്ന റാലിയിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിംഗിനെതിരെ ദിഗ്‍വിജയ് സിംഗിന്‍റെ ഈ പരാമര്‍ശം. 

തന്‍റെ ശാപം മൂലമാണ് മഹാരാഷ്ട്ര എടിഎസ് തലവൻ ഹേമന്ദ് കർക്കറെ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചതെന്ന് മുന്‍പ് പ്രഗ്യാ സിംഗ് ഠാക്കൂര്‍ പറഞ്ഞിരുന്നു. 2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിലാണ് ഹേമന്ദ് കർക്കറെ കൊല്ലപ്പെട്ടത്. 

ഹിന്ദു-മുസ്ലിം-സിഖ്-ക്രൈസ്തവ തുടങ്ങി എല്ലാ മതസ്ഥരും സഹോദരങ്ങളാണ്. എന്നാല്‍ ഇന്ന് ഹൈന്ദവ ഏകീകരണം മുന്‍നിര്‍ത്തി ചർച്ചകൾ വ്യാപകമായിരിക്കുകയാണ്. കാരണമായി പറയുന്നത് ഇന്ത്യയില്‍ ഹിന്ദുത്വം അപകടാവസ്ഥയിലാണ് എന്നതാണ്. ഞാന്‍ അവരോട് പറയാന്‍ ആഗ്രഹിക്കുന്നു, 500 വര്‍ഷത്തോളം മുസ്ലീങ്ങള്‍ ഭരിച്ച രാജ്യമാണ് ഇന്ത്യ. അക്കാലത്ത് യാതൊരു തരത്തിലുമുള്ള നഷ്ടവും ആര്‍ക്കും ഉണ്ടായില്ല, മതത്തെ വില്‍പനചരക്കാക്കുന്ന ആളുകളുടെ നേര്‍ക്ക്‌ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്, അദ്ദേഹം പറഞ്ഞു. 

കള്ളന്‍ എന്ന പേര് ഗൂഗിളില്‍ അടിച്ചാല്‍ ആരുടെ പേരാണ് വരുന്നതെന്ന് ഞങ്ങള്‍ക്ക് അറിയാം. ഹര ഹര മഹാദേവ് എന്നാണ് ഞങ്ങളുടെ മതത്തിലുള്ളത്. എന്നാല്‍ ബിജെപി അത് ഹര ഹര മോദിയെന്നാക്കിയെന്നും ദിഗ്‍വിജയ് സിംഗ് പറഞ്ഞു. 

ഏത് നരകത്തില്‍ ഒളിച്ചാലും തീവ്രവാദികളെ വേട്ടയാടുമെന്ന് പ്രധാനമന്ത്രി പറയുന്നു. പുല്‍വാമ, പത്താന്‍കോട്ട്, ഉറി ആക്രമണ സമയത്ത് എവിടെയായിരുന്നു അദ്ദേഹം? ഇത്തരം ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണെന്നും ദിഗ്‍വിജയ് സിംഗ് ചോദിച്ചു. 

 

Read More