Home> India
Advertisement

മതേതര പ്രതിച്ഛായ തകരുന്നു, ആരോപണം ഖണ്‌ഡിച്ച് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തിന്‍റെ മതേതര പ്രതിച്ഛായ തകരുന്നുവെന്ന ആരോപണത്തെ ഖണ്‌ഡിച്ച് കേന്ദ്ര സര്‍ക്കാര്‍.

മതേതര പ്രതിച്ഛായ തകരുന്നു, ആരോപണം ഖണ്‌ഡിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ മതേതര പ്രതിച്ഛായ തകരുന്നുവെന്ന ആരോപണത്തെ ഖണ്‌ഡിച്ച് കേന്ദ്ര സര്‍ക്കാര്‍. 

രാജ്യ൦ പിന്തുടര്‍ന്നു വരുന്ന ഭരണഘടനാ മൂല്യങ്ങളും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കാൻ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍, 'ജയ് ശ്രീറാം' ദുരുപയോഗം ചെയ്യല്‍ എന്നിവയ്ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി രാജ്യത്തെ ഒരുപറ്റം പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഈ പ്രതികരണത്തിന് ആധാരം.

രാജ്യത്തെ 49 പ്രമുഖരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. രാജ്യത്തിന്‍റെ വൈവിധ്യം സംരക്ഷിക്കണമെന്നും ജയ് ശ്രീറാം ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും അവര്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കുമെതിരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളില്‍ ഖേദവും പ്രതിഷേധവും രേഖപ്പെടുത്തുന്നതാണ് കത്ത്.

മുസ്ലിംങ്ങളെയും ദളിതരെയും മറ്റു ന്യൂപക്ഷങ്ങളെയും അടിച്ചുകൊല്ലുന്ന ആക്രമണ രീതി അവസാനിപ്പിക്കാന്‍ നടപടിയെടുക്കണം. 2016ല്‍ മാത്രം ദളിതര്‍ക്കെതിരെ 840 ആക്രമണങ്ങളുണ്ടായി എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്ന എണ്ണം കുറയുകയും ചെയ്തു.

അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്നം, അനുരാഗ് കശ്യപ്, കൊങ്കണ സെന്‍ ശര്‍മ, അപര്‍ണ സെന്‍ എന്നിവരടക്കമുള്ള സിനിമ പ്രവര്‍ത്തകര്‍, ചരിത്രകാരന്‍ രാമചന്ദ്രഗുഹ, സാമൂഹ്യ പ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍ തുടങ്ങിയവര്‍ കത്തില്‍ ഒപ്പ് വച്ചിട്ടുണ്ട്. 

രാജ്യത്തെ സ്നേഹിക്കുന്ന സമാധാന സ്നേഹികളായ ജനതയെ ആശങ്കപ്പെടുത്തുന്നതാണ് നിലവിലെ സാഹചര്യം. എന്ത് നടപടിയാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ സ്വീകരിച്ചത്? ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ താങ്കള്‍ പാര്‍ലമെന്‍റില്‍  പ്രസംഗിക്കുകയുണ്ടായി. എന്നാല്‍ അത് മതിയാകില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതായി കത്തില്‍ പറയുന്നു. 

ജയ് ശ്രീറാം എന്നതിനെ കൊലവിളിയാക്കി ദുരുപയോഗം ചെയ്യുകയാണ്. മതത്തിന്‍റെ പേരില്‍ ഇത്രയധികം ആക്രമണങ്ങള്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയിലെ ജനങ്ങള്‍ രാമന്‍റെ പേര് വളരെ പവിത്രമായി കാണുന്നവരാണ്. ഈ രാജ്യത്തെ ഉന്നതനായ ഭരണാധികാരി എന്ന നിലയില്‍ രാമന്‍റെ പേര് ഇങ്ങനെ അശുദ്ധമാക്കുന്നത് താങ്കള്‍ തടയണമെന്ന് ആവശ്യപ്പെടുന്നു.

ഭരണകക്ഷിയെ വിമര്‍ശിക്കുന്നത് രാജ്യത്തെ വിമര്‍ശിക്കുന്നതിന് തുല്യമല്ല. ഒരു ഭരണകക്ഷി രാജ്യത്തിന്‍റെ പര്യായമല്ല. രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ്. അതിനാല്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളെ ദേശവിരുദ്ധ നിലപാടുകളായി മുദ്ര കുത്തരുത്. ശക്തമായ രാജ്യം നിലനില്‍ക്കണമെങ്കില്‍ പ്രതിഷേധവും വിമത ശബ്ദങ്ങളും ആവശ്യമാണ്. ഇന്ത്യയുടെ കരുത്തായ വൈവിധ്യത്തെ ഇല്ലാതാക്കാനാണ് നീക്കം നടക്കുന്നത്. രാജ്യത്തെ തകര്‍ക്കുന്ന അത്തരം നടപടികള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തങ്ങളുടെ നിര്‍ദേശങ്ങളുടെ ആത്മാര്‍ഥത അതിന്‍റെ അര്‍ഥത്തില്‍ താങ്കള്‍ എടുക്കുമെന്ന് കരുതുന്നു. രാജ്യത്തിന്‍റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു.

 

Read More