ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക രംഗം അപകടത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് (RBI) മുന്‍ ഗവര്‍ണര്‍ രഘുറാം രാജന് (Raghuram Rajan).
കോവിഡ് മഹാമാരി ഇന്ത്യന്‍ വിപണിയെ അതിഭീകരമായിട്ടാണ് ബാധിച്ചതെന്നും ജിഡിപി വളര്‍ച്ചാ നിരക്ക് (GDP Growth Rate) കുത്തനെ ഇടിഞ്ഞത് ആശങ്കപ്പെടുത്തുന്ന കാര്യമാണ് എന്നും രഘുറാം രാജന് പറഞ്ഞു. ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ 23.9% ഇടിവ് രേഖപ്പെടുത്തിയത് രാജ്യത്തിനുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനൗദ്യോഗിക മേഖലയിലെ നഷ്ടങ്ങള്‍ കണക്കാക്കുമ്പോള്‍ ജിഡിപി നിരക്ക് ഇനിയും ഇടിയാനാണ് സാധ്യത. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ വഷളാകും. സര്‍ക്കാര്‍ സഹായം ഇപ്പോള്‍ നല്കിയതൊന്നും സമ്പദ് വ്യവസ്ഥയുടെ ഉത്തേജനത്തിന് പര്യാപ്തമല്ലെന്നും രഘുറാം രാജന് വ്യക്തമാക്കി.
സര്‍ക്കാര്‍ ഇപ്പോഴത്തെ സമീപനം മാറ്റണം. കൂടുതല്‍ സാമ്പത്തിക പ്രഖ്യാപനങ്ങള്‍ മോദി സര്‍ക്കാരില്‍ നിന്ന് ഉണ്ടാവേണ്ടിയിരിക്കുന്നു. രാജ്യത്ത് മധ്യവര്‍ത്തി വിഭാഗം ചെലവിടുന്നത് കുറഞ്ഞത് വലിയ രീതിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇവര്‍ക്കായി കൂടുതല്‍ സമാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും രഘുറാം രാജന് മുന്നറിയിപ്പ് നല്കി.
ലോകത്തെ വന്‍കിട സമ്പദ് വ്യവസ്ഥകളില്‍ ഉണ്ടായ തകര്‍ച്ചകളില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യയെ ആണ്. കോവിഡ് പടരുന്നത് നിയന്ത്രിക്കാനായി പ്രഖ്യാപിച്ച lock down കഴിഞ്ഞ നാല് പതിറ്റാണ്ടിലെ ഏറ്റവും മോശം അവസ്ഥയിലേക്കാണ് ഇന്ത്യന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നയിച്ചത്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വയുളള മൂന്ന് മാസങ്ങളില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനത്തില് (-)23.9% രേഖപ്പെടുത്തിയപ്പോള്‍ അല്പമെങ്കിലും പിടിച്ചുനിന്നത് കാര്‍ഷിക മേഖല മാത്രമാണ്. രാജ്യത്തെ വന്‍തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത് കാര്‍ഷിക മേഖലയാണ്. 3.4% വളര്‍ച്ച ഈ കാലയളവില്‍ കാര്‍ഷിക രംഗത്തുണ്ടായി. നിര്‍മാണ മേഖലയില്‍ 50 ശതമാനവും ഉല്പാദന മേഖലയില്‍ 39 ശതമാനവും ഇടിവുണ്ടായി. കടുത്ത മാന്ദ്യമാണ് ഈ രണ്ട് രംഗത്തും ഉളളത്.
Also read: മന്മോഹന് സിംഗ് പറഞ്ഞത് സംഭവിച്ചു?
സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനം (-)23.9ശതമാനമാണ് ഇടിഞ്ഞത്. ലോകത്തെ വന്‍കിട സമ്പദ് വ്യവസ്ഥകളിലുണ്ടായ തകര്‍ച്ചകളില്‍ ഏറ്റവും വലിയതാണ് ഇന്ത്യയിലുണ്ടായത്. ജിഡിപിയില്‍ 32.9% തകര്‍ച്ച നേരിട്ട അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുളളത്. യുകെയാണ് മൂന്നാം സ്ഥാനത്ത്. ജിഡിപിയില്‍ 20.4% ഇടിവാണ് യുകെയിലുണ്ടായത്. ഫ്രാന്‍സ്, ഇറ്റലി, കാനഡ, ജര്‍മനി, ജപ്പാന് എന്നീ രാജ്യങ്ങളാണു പട്ടികയിലുള്ളത്.
1996 മുതല്‍ ത്രൈമാസ ജിഡിപി കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.