Home> India
Advertisement

വോട്ട് ചെയ്തവര്‍ക്ക് രസീത്; വിവിപാറ്റിന് അംഗീകാരം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്‍റെ സാധുതയെ ചോദ്യം ചെയ്തവര്‍ക്ക് മറുപടിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ട് ചെയ്തവര്‍ക്ക് രസീത് ലഭ്യമാക്കുന്ന വിവിപാറ്റ് (VVPAT) സംവിധാനം 2019 മുതലുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഏര്‍പ്പെടുത്തും. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കി.

വോട്ട് ചെയ്തവര്‍ക്ക് രസീത്;  വിവിപാറ്റിന് അംഗീകാരം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്‍റെ സാധുതയെ ചോദ്യം ചെയ്തവര്‍ക്ക് മറുപടിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ട് ചെയ്തവര്‍ക്ക് രസീത് ലഭ്യമാക്കുന്ന വിവിപാറ്റ് (VVPAT) സംവിധാനം 2019 മുതലുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഏര്‍പ്പെടുത്തും. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കി. 

ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പുകളിലും 2019ല്‍ നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിലും പിന്നീട് നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം. 

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്‍ററാണ് വോട്ടര്‍ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ എന്നറിയപ്പെടുന്ന വിവിപാറ്റ്. ഈ സംവിധാനം വഴി വോട്ട് രേഖപ്പെടുത്തി ഏഴ് സെക്കന്‍ഡിനകം ആ വ്യക്തി ചെയ്ത വോട്ട് ആര്‍ക്കാണ് മെഷീന്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് പ്രത്യേക പ്രിന്‍റര്‍ വഴി ലഭിക്കുന്ന രസീതില്‍ നിന്ന് മനസിലാക്കാം. എന്നാല്‍ ഈ രസീത് വോട്ടര്‍ക്ക് വീട്ടിലേക്ക് കൊണ്ടു പോകാന്‍ കഴിയില്ല. പ്രിന്‍ററുമായി ബന്ധിപ്പിച്ചിരിക്കുന്ന സീല്‍ ചെയ്ത പെട്ടിയിലേക്കാണ് ഈ രസീത് വീഴുക. ഈ പെട്ടി തുറക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരിക്കും. 

പോള്‍ ചെയ്ത വോട്ടില്‍ തര്‍ക്കം വരികയാണെങ്കില്‍ ഈ പെട്ടിയിലെ രസീതുകള്‍ നോക്കി തര്‍ക്കപരിഹാരം കണ്ടെത്താനും കഴിയും. ഇനി നടക്കാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുന്നത് ഇപ്പോഴാണ്. 

2015ല്‍ 67,000 വിവിപാറ്റ് മെഷീനുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതില്‍ 33,500 എണ്ണം ലഭ്യമായതായി കമ്മീഷന്‍ അറിയിച്ചു.

Read More