Home> India
Advertisement

നാല്‍പ്പതോളം സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍

അഞ്ചംഗ ഭരണാഘടനാ ബെഞ്ച് ജൂലായില്‍ സര്‍ക്കാരിന്‍റെ അധികാരപരിധിയില്‍ അനുകൂലമായ വിധി പ്രസ്താവിച്ചതോടെയാണ് പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

നാല്‍പ്പതോളം സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ക്കായി ഇനി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട. വിവാഹ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, വാട്ടര്‍ കണക്ഷന്‍ തുടങ്ങിയ മിക്ക സര്‍ക്കാര്‍ സേവനങ്ങളും ഇനി വീടുകളില്‍ എത്തും. തിങ്കളാഴ്ച മുതല്‍ ഈ സേവനം ലഭ്യമാകുമെന്ന് ഡൽഹി സര്‍ക്കാര്‍ അറിയിച്ചു. 

ഈ വര്‍ഷം ആദ്യം തന്നെ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചുവെങ്കിലും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുകൂല നടപടി കൈക്കൊള്ളാന്‍ വൈകിയതാണ് പദ്ധതിയ്ക്ക് കാലതാമസം ഉണ്ടാവാന്‍ കാരണമെന്ന് ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ആരോപിച്ചു. 

അഞ്ചംഗ ഭരണാഘടനാ ബെഞ്ച് ജൂലായില്‍ സര്‍ക്കാരിന്‍റെ അധികാരപരിധിയില്‍ അനുകൂലമായ വിധി പ്രസ്താവിച്ചതോടെയാണ് പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഡല്‍ഹിയിലെ ഒരു വ്യക്തിക്കും ഇനി സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ക്യൂ നില്‍ക്കേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. 

ലോകത്തില്‍ ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്ന ആദ്യ സര്‍ക്കാരാണിതെന്നും, അഴിമതിയ്ക്ക് വന്‍ തിരിച്ചടിയാവും ഈ പദ്ധതിയെന്നും ജനങ്ങള്‍ക്ക് സൗകര്യപ്രദമാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

 

 നാല്‍പതോളം സേവനങ്ങളാണ് ഇതിലൂടെ ആദ്യഘട്ടത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാവുക. 50 രൂപ അധിക ഫീസ് ഈടാക്കിയാണ് സേവനം നല്‍കുക. ഈ പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാരിന്‍റെ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നതിനായി ഒരു സ്ഥാപനത്തെ ഏല്‍പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ജൂലായില്‍ തന്നെ ആരംഭിച്ചിരുന്നു. 

സേവനം ആവശ്യപ്പെടുന്നവരെ സഹായിക്കാന്‍ ഒരു ഉദ്യാഗസ്ഥന്‍ വീട്ടിലെത്തുകയും ആവശ്യമായ വിവരങ്ങളും രേഖകളും ശേഖരിക്കുകയും ചെയ്യും. ഇതിനായി നിങ്ങള്‍ വിളിക്കേണ്ടത് 1076 എന്ന നമ്പരിലേയ്ക്കാണ്. നിങ്ങള്‍ നിങ്ങളുടെ ആവശ്യം പറയുകയും അതിന് നിങ്ങള്‍ക്ക് എന്തെല്ലാം രേഖകള്‍ തയ്യാറാക്കിവയ്ക്കണമെന്നും നിങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും അതിന്ശേഷം നിങ്ങള്‍ വീട്ടില്‍ ഉണ്ടായിരിക്കുന്ന സമയം അവരെ അറിയിക്കുക ആ സമയം അവര്‍ നിങ്ങളുടെ വീട്ടില്‍ എത്തും. രാത്രി 10 മണിവരെ ഈ സൗകര്യം ഉണ്ടായിരിക്കും.

ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാവണം. വീട്ടില്‍ വിവരങ്ങള്‍ ശേഖരിക്കാനെത്തുന്ന ഉദ്യോഗസ്ഥന് ക്യാമറ, ബയോമെട്രിക് ഉപകരണങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Read More