Home> India
Advertisement

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ പ്രതികരണവുമായി ജയാ ബച്ചൻ

കോളിളക്കം സൃഷ്ടിച്ച ഹൈദരാബാദ് ബലാത്സംഗ കേസില്‍ കൈക്കൊണ്ട നടപടിയില്‍ പ്രതികരണവുമായി സമാജ് വാദി പാര്‍ട്ടി എംപി ജയാ ബച്ചൻ.

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ പ്രതികരണവുമായി ജയാ ബച്ചൻ

ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ഹൈദരാബാദ് ബലാത്സംഗ കേസില്‍ കൈക്കൊണ്ട നടപടിയില്‍ പ്രതികരണവുമായി സമാജ് വാദി പാര്‍ട്ടി എംപി ജയാ ബച്ചൻ.

വൈകിയെങ്കിലും, നല്ലത് വന്നുവെന്നായിരുന്നു അവരുടെ പ്രതികരണം. പാര്‍ലമെന്‍റിലേയ്ക്കുള്ള വഴിമധ്യേ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അവര്‍ ഇപ്രകാരം പ്രതികരണം നല്‍കിയത്. 

ഹൈദരാബാദ് ബലാത്സംഗ വിഷയം സഭയില്‍ ഉന്നയിച്ച ജയാ ബച്ചന്‍ വളരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. പ്രതികളെ പൊതുജനങ്ങൾക്ക് വിട്ടു നൽകണമെന്നും ജനക്കൂട്ടം ശിക്ഷ നടപ്പാക്കുമെന്നായിരുന്നു അവര്‍ സഭയില്‍ അഭിപ്രായപ്പെട്ടത്. ഇത്തരം കുറ്റം ചെയ്യുന്നവരെ തല്ലിക്കൊല്ലണം, നീതി നടപ്പാകുമോ എന്ന കാര്യത്തിൽ സർക്കാർ കൃത്യമായ ഉത്തരം നൽകണം, നിർഭയ കേസിൽ ഇതുവരെ നീതി ലഭിച്ചിട്ടില്ല എന്നും ജയാ ബച്ചൻ സഭയില്‍ പറഞ്ഞിരുന്നു. 

അതേസമയം, ഹൈദരാബാദ് പോലീസിനെ അഭിനന്ദിച്ച് സിനിമ മേഘലയില്‍നിന്നും നിരവധി പേരാണ് എത്തിയിരിക്കുന്നത്. അനുപം ഖേര്‍, ഋഷി കപൂര്‍, രകുല്‍പ്രീത് തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍പ്പെടും. 

എന്നാല്‍, ഈ ഏറ്റുമുട്ടല്‍ കൊലയില്‍ സംസ്ഥാനത്തെ ജനങ്ങളും സന്തോഷം പ്രകടിപ്പിക്കുകയാണ്. പോലീസ് വാഹനങ്ങള്‍ക്ക് നേരെ പുഷ്പവൃഷ്ടിയും കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് പാലഭിഷേകവും സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് എത്തിച്ചേര്‍ന്ന ജനക്കൂട്ടം പോലീസിന് സിന്ദാബാദ് വിളിയ്ക്കുകയും പോലീസ് ഉദ്യോഗസ്ഥരെ തോളിലേറ്റി ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

വെറ്ററിനറി ഡോക്ടറായ യുവതിയെ 27ന് ബുധനാഴ്ച രാത്രിയാണ് നാലംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ്-ബംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Read More