Home> India
Advertisement

നോട്ട് നിരോധനം കര്‍ഷകരെ ബാധിച്ചു: കേന്ദ്ര കാര്‍ഷിക മന്ത്രാലയം

കള്ളനോട്ടും കള്ളപ്പണവും നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ നോട്ട് നിരോധനം, ഇന്ത്യയിലെ കര്‍ഷകരെ ഗുരുതരമായി ബാധിച്ചുവെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം.

നോട്ട് നിരോധനം കര്‍ഷകരെ ബാധിച്ചു: കേന്ദ്ര കാര്‍ഷിക മന്ത്രാലയം

ന്യൂഡല്‍ഹി: കള്ളനോട്ടും കള്ളപ്പണവും നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ നോട്ട് നിരോധനം, ഇന്ത്യയിലെ കര്‍ഷകരെ ഗുരുതരമായി ബാധിച്ചുവെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം. 

നിലവില്‍ പ്രയോഗത്തിലിരുന്ന കറന്‍സി നോട്ടുകളില്‍ 86% നോട്ട് നിരോധന സമയത്ത് കടലാസ് മാത്രമായി മാറിയപ്പോള്‍ അത് ഏറ്റവുമധികം ദുരിതത്തിലാക്കിയത് പാവം കാര്‍ഷകരെയാണ് എന്നാണ് ഇപ്പോള്‍ കേന്ദ്ര കാര്‍ഷിക മന്ത്രാലത്തിന് ബോധ്യം വന്നിരിക്കുന്നത്. 

വൈകിയെങ്കിലും കേന്ദ്ര സര്‍ക്കാരിന് കര്‍ഷകരുടെ ദുരവസ്ഥ ഓര്‍മ്മ വന്നു എന്നുവേണം കരുതാന്‍. വിത്തുകളും ധാന്യങ്ങളും വാങ്ങിക്കാന്‍ കര്‍ഷകര്‍, പ്രത്യേകിച്ച് ചെറുകിട കര്‍ഷകര്‍ കറന്‍സി നോട്ടുകളെയാണ് ആശ്രയിക്കുന്നത്. കേന്ദ്രത്തിന്‍റെ നീക്കം ചെറുകിട കര്‍ഷകരെ സാരമായി ബാധിച്ചു.  

കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ട് നിരോധനം മൂലം പണത്തിന്‍റെ ലഭ്യതക്കുറവിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് റാബി സീസണില്‍ വിത്തുകളും വളവും വാങ്ങിക്കാന്‍ സാധിച്ചില്ലെന്ന് സ്റ്റാന്‍ഡി൦ഗ് കമ്മിറ്റി യോഗത്തില്‍ കാര്‍ഷിക മന്ത്രാലയം അറിയിച്ചു. 

നോട്ട് നിരോധന സമയത്ത് വിളകള്‍ വില്‍ക്കുവാനോ വിത്ത് വിതയ്ക്കാനോ പോലും കഴിഞ്ഞിരുന്നില്ല. കൈയ്യിലുണ്ടായിരുന്ന പണം മുഴുവന്‍ ഉപയോഗശൂന്യമായി. നോട്ട് നിരോധനത്തിന്‍റെ അനന്തര ഫലങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് കാര്‍ഷിക മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ വിതരണത്തിന് വച്ചിരുന്ന വിത്തുകള്‍ പോലും വില്‍ക്കാന്‍ സാധിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍കിട കര്‍ഷകരേയും നോട്ട് നിരോധനം ബാധിച്ചു. ജോലിക്കാര്‍ക്ക് പണം നല്‍കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടിയെന്നും റിപ്പോര്‍ട്ടില്‍  പറയുന്നു.

പണത്തിന്‍റെ ലഭ്യതക്കുറവ് മൂലം നാഷണല്‍ സീഡ് കോര്‍പറേഷന്‍റെ പക്കലുണ്ടായിരുന്ന 1.38 ലക്ഷം ക്വിന്‍റല്‍ ഗോതമ്പ് വിത്തുകള്‍ വിറ്റുപോകാതെ കെട്ടിക്കിടന്നുവെന്ന് മന്ത്രാലയം പറയുന്നു. ഗോതമ്പ് വിത്തുകള്‍ വാങ്ങാനായി പിന്നീട് 1000ന്‍റെയും 500ന്‍റെയും നോട്ടുകള്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഇത് സ്ഥിതി മെച്ചപ്പെടുത്തിയില്ല.

സ്റ്റാന്‍ഡി൦ഗ് കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ എംപിമാര്‍ നോട്ട് നിരോധനത്തെ നിശിതമായി വിമര്‍ശിക്കുകയും, ഇതുമൂലം ചെറുകിട മേഖലയലയില്‍ ഉണ്ടായ തൊഴില്‍ നഷ്ടത്തിന്‍റെ കൃത്യമായ കണക്ക് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

കോണ്‍ഗ്രസ് നേതാക്കളായ മന്‍മോഹന്‍ സിംഗും വീരപ്പ മൊയ്‌ലിയുമടക്കം 31 അംഗങ്ങളാണ് സ്റ്റാന്‍ഡി൦ഗ് കമ്മിറ്റിയില്‍ ഉള്ളത്. 

കള്ളപ്പണത്തിന്‍റെ ഒഴുക്ക് തടയാനെന്ന പേരിലാണ് 500, 1000 രൂപയുടെ കറന്‍സി നോട്ടുകളെല്ലാം പിന്‍വലിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ നോട്ട് നിരോധം ഏര്‍പ്പെടുത്തിയത്. ഈ നീക്കം കര്‍ഷകരേയും ചെറുകിട വ്യവസായികളേയും സാരമായി ബാധിച്ചുവെന്ന് പ്രതിപക്ഷം മുന്‍പും വിമര്‍ശിച്ചിരുന്നു.

 

Read More