Home> India
Advertisement

തേജസ്‌ യുദ്ധവിമാനത്തില്‍ ആകാശയാത്ര നടത്തി രാജ്നാഥ് സിംഗ്

ബംഗളൂരുവിലെ എച്ച്എഎല്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇരട്ടസീറ്റുള്ള തേജസില്‍ വ്യോമസേന പൈലറ്റിനൊപ്പം രാജ്നാഥ് സിംഗ് പറന്നത്.

തേജസ്‌ യുദ്ധവിമാനത്തില്‍ ആകാശയാത്ര നടത്തി രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: തേജസ്‌ യുദ്ധവിമാനത്തില്‍ ആകാശയാത്ര നടത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.

 

 

ബംഗളൂരുവിലെ എച്ച്എഎല്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇരട്ടസീറ്റുള്ള തേജസില്‍ വ്യോമസേന പൈലറ്റിനൊപ്പം രാജ്നാഥ് സിംഗ് പറന്നത്.

ഇന്ത്യ സ്വയം നിര്‍മ്മിച്ച ഏറ്റവും ഭാരം കുറഞ്ഞതും ചെറുതുമായ യുദ്ധവിമാനമായ തേജസില്‍ ആദ്യം യാത്ര ചെയ്യുന്ന പ്രതിരോധ മന്ത്രിയാണ് രാജ്‌നാഥ് സിംഗ്. ഇന്ത്യയുടെ ലഘു പോര്‍വിമാന പദ്ധതിക്കുള്ള പിന്തുണയായാണ് രാജ്‌നാഥ് സിംഗ് നല്‍കിയത്.

വീഡിയോ കാണാം:

 

 

30 മിനിറ്റ് ദൈര്‍ഘ്യമുള്ള യാത്രയ്ക്ക് മുന്‍പേ തേജസ്‌ യുദ്ധവിമാനത്തെക്കുറിച്ചും തേജസിന്‍റെ പ്രവര്‍ത്തന രീതികളെക്കുറിച്ചും വ്യോമസേന ഉദ്യോഗസ്ഥര്‍ പ്രതിരോധമന്ത്രിയെ പരിചപ്പെടുത്തി.

വ്യോമസേനയുടെ ഔദ്യോഗിക യൂണിഫോം ധരിച്ചായിരുന്നു പ്രതിരോധമന്ത്രിയുടെ യാത്ര. പ്രതിരോധമന്ത്രിയുടെ യാത്ര ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്കല്‍ ലിമിറ്റഡിനും വ്യോമസേനയ്ക്കും വലിയ പ്രചോദനമായി എന്ന് വ്യോമസേന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാനുള്ള പ്രത്യേകതയാണ് തേജസിനെ മറ്റ് യുദ്ധവിമാനങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. മാത്രമല്ല ഇതോടെ ആകാശത്ത് ഇന്ധനം നിറയ്ക്കാന്‍ സാധിക്കുന്ന യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചുവെന്നത് മറ്റൊരു നേട്ടം.

സായുധ സേനാ ശക്തിയില്‍ നാലാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യയുടെ തേജസ്സിനായി ഇന്ന് ലോകരാജ്യങ്ങള്‍ മുന്നോട്ടു വന്നിട്ടുണ്ട്.മലേഷ്യ, ഈജിപ്ത്, യുഎഇ, സിംഗപ്പൂര്‍, മറ്റു ചില അറബ് രാജ്യങ്ങള്‍ എല്ലാം ഇന്ത്യയുടെ സ്വന്തം പോര്‍വിമാനം വാങ്ങാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.

തേജസ്സിന്‍റെ എഞ്ചിനും, കോക്പിറ്റും, ഫ്ലൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവ അടക്കമുള്ളവ വെറും 45 മിനിട്ടിനുള്ളില്‍ ടെക്‌നിക്കല്‍ സ്റ്റാഫുകള്‍ക്ക് തന്നെ മാറ്റി സ്ഥാപിക്കാന്‍ കഴിയുമെന്നത് തേജസിന്‍റെ മറ്റൊരു പ്രത്യേകതയാണ്. 

എല്ലാത്തിനും പുറമേ ഏത് പ്രതികൂല സാഹചര്യത്തിലും ശത്രു സങ്കേതങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന രീതിയിലാണ് തേജസ് വിമാനങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയാണ് ഈ യുദ്ധവിമാനത്തിന് തേജസ് എന്ന് നാമകരണം ചെയ്തത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡും എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സിയും ചേര്‍ന്നാണ് തേജസ് നിര്‍മ്മിച്ചത്.

ഇതിന്‍റെ വേഗത 2000 കിലോമീറ്ററിലധികമാണ്. 5000 അടിയിലധികം ഉയരത്തിൽ പറക്കാൻ ഇതിന് കഴിയും.

Read More