Home> India
Advertisement

'ഗജ': തമിഴ്‌നാട്ടിലും ആന്ധ്രയിലും പുതുച്ചേരിയിലും ജാഗ്രതാ നിര്‍ദേശം

ആന്‍ഡമാനിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'ഗജ' ചുഴലിക്കാറ്റ് ഇന്ന് തമിഴ്നാട് തീരത്തെത്തും. മൂന്നു ദിവസത്തേയ്ക്ക് തമിഴ്നാട്ടില്‍ കനത്ത മഴയ്ക്കും സാധ്യതയുള്ളതായാണ് മുന്നറിയിപ്പില്‍ പറയുന്നത്.

'ഗജ': തമിഴ്‌നാട്ടിലും ആന്ധ്രയിലും പുതുച്ചേരിയിലും ജാഗ്രതാ നിര്‍ദേശം

ചെന്നൈ: ആന്‍ഡമാനിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'ഗജ' ചുഴലിക്കാറ്റ് ഇന്ന് തമിഴ്നാട് തീരത്തെത്തും. മൂന്നു ദിവസത്തേയ്ക്ക് തമിഴ്നാട്ടില്‍ കനത്ത മഴയ്ക്കും സാധ്യതയുള്ളതായാണ് മുന്നറിയിപ്പില്‍ പറയുന്നത്. 

വൈകിട്ടോ രാത്രിയിലോ ശക്തമായ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ തമിഴ്നാട്ടിലും ആന്ധ്രയുടെ തെക്കന്‍ മേഖലകളിലും പുതുച്ചേരിയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്ത് കിലോമീറ്ററാണ് കാറ്റിന്‍റെ വേഗം. എന്നാല്‍, ഇന്ന് രാത്രിയോടെ ഗജ തീരം തൊടുമ്പോള്‍ വേഗം എണ്‍പത് മുതല്‍ നൂറ് കിലോമീറ്റര്‍ വരെയാകാം. 

മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ 23,000ത്തോളം പ്രദേശങ്ങളെ ദുരന്തസാധ്യതാ മേഖലയായി പ്രഖ്യാപിച്ചു. കൂടാതെ, 30,500 രക്ഷാപ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്. നിരവധി താത്കാലിക പുനരധിവാസ കേന്ദ്രങ്ങളും തുറന്നു. മൊബൈല്‍ മെഡിക്കല്‍ സംഘങ്ങളും സജ്ജമാണ്. 

തഞ്ചാവൂർ, തിരുവാരൂർ, പുതുക്കോട്ടൈ, നാഗപട്ടണം, കൂഡലൂർ, രാമനാഥപുരം എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും കളക്ടർമാർ അവധി പ്രഖ്യാപിച്ചു.

1077, 1070 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ സേവനം ലഭ്യമാണ്. ആവശ്യമെങ്കില്‍ സൈന്യത്തിന്‍റെ സഹായം തേടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. 

ചുഴലിക്കാറ്റ് ചെന്നൈയെ ബാധിക്കില്ലെങ്കിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിലും ഒറ്റപ്പെട്ട മഴയുണ്ടാകും. 

 

 

Read More