Home> India
Advertisement

കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: 12 സീറ്റില്‍ ബിജെപി മുന്നേറുന്നു

ആദ്യഘട്ടത്തില്‍ 12 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസ്‌ രണ്ടു മണ്ഡലത്തില്‍ ലീഡ് നേടുന്നു.

കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: 12 സീറ്റില്‍ ബിജെപി മുന്നേറുന്നു

ബംഗളൂരു: കര്‍ണാടകയില്‍ 15 മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

ആദ്യഘട്ടത്തില്‍ 12 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസ്‌ രണ്ടു മണ്ഡലത്തില്‍ ലീഡ് നേടുന്നു.

ബിജെപി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷങ്ങള്‍ ആരംഭിച്ചു. ഇപ്പോള്‍ മുന്നില്‍ ലീഡ് നേടുന്ന ബിജെപി സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസ് വിമതരാണ്.

ബിഎസ്.യെദ്ദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയിട്ട് നാലുമാസമേ ആയിട്ടുള്ളൂ അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പ് ഭരണപക്ഷത്തിന് നിര്‍ണായകമാണ്.

എംഎംഎമാര്‍ കൂറുമാറി ബിജെപി പാളയത്തില്‍ എത്തിയിട്ടും സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുന്നത് കോണ്‍ഗ്രസിനും ജെഡിഎസിനും കനത്ത തിരിച്ചടിയാകും. 

തിരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-ജെഡിഎസ് വിമതരെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ജയിച്ചാല്‍ ഇതില്‍ പലരേയും മന്ത്രിമാരാക്കുമെന്ന ഉറപ്പിലാണ് ഇവരില്‍ പലരും ബിജെപിയിലേക്കെത്തിയത്. 

ഭരണം നിലനിര്‍ത്താന്‍ ചുരുങ്ങിയത് ആറ് സീറ്റുകളിലെങ്കിലും ബിജെപിക്ക് വേണമെന്ന സാഹചര്യത്തിലാണ് ബിജെപിയുടെ ഈ കുതിപ്പ്. മാത്രമല്ല ബിജെപി വന്‍ നേട്ടമുണ്ടാക്കുമെന്ന് എക്സിറ്റ് പോളുകളുകളും നേരത്തെ പ്രവചിച്ചിരുന്നു. 

ഉപതിരഞ്ഞെടുപ്പ് നടന്നത് ഡിസംബര്‍ അഞ്ചിനാണ്. 

നിലവില്‍ 207 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണയാണ് ഇപ്പോള്‍ യെദ്ദ്യൂരപ്പയ്ക്കുള്ളത്. 224 അംഗങ്ങളാണ് കര്‍ണാടക നിയമസഭയിലുണ്ടായിരുന്നത്. 

എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നും 17 എംഎല്‍എമാര്‍ രാജിവച്ച് മറുകണ്ടം ചാടി ബിജെപിയിലെത്തിയതോടെയാണ് എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ തകര്‍ന്നടിഞ്ഞത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം നേതൃത്വം നല്‍കിയ 'ഓപ്പറേഷന്‍ താമര'യാണിതെന്നും, എംഎല്‍എമാരുടെ കുതിരക്കച്ചവടമാണ് നടന്നതെന്നും കോണ്‍ഗ്രസും ജെഡിഎസ്സും ആരോപിച്ചിരുന്നു.

17 എംഎല്‍എമാരെയാണ് അയോഗ്യരാക്കിയതെങ്കിലും 15 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മാത്രമാണ് നടന്നത്. മസ്‌കി, ആര്‍ആര്‍ നഗര്‍ എന്നീ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല.

  

Read More