Home> India
Advertisement

"Speak Up for Democracy" സര്‍ക്കാര്‍ അട്ടിമറി തടയാന്‍ കോണ്‍ഗ്രസിന്‍റെ പുതിയ തന്ത്ര൦

ജനാധിപത്യ രീതിയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ പണം നല്‍കി എംഎല്‍എ മാരെ ചാക്കിട്ടു പിടിച്ചു താഴെയിറക്കാന്‍ BJP നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഏര്‍പ്പെടുത്തുകയാണ് കോണ്‍ഗ്രസ്.

ന്യൂഡല്‍ഹി: ജനാധിപത്യ രീതിയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ പണം നല്‍കി  എംഎല്‍എ മാരെ ചാക്കിട്ടു പിടിച്ചു  താഴെയിറക്കാന്‍  BJP നടത്തുന്ന  ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഏര്‍പ്പെടുത്തുകയാണ്  കോണ്‍ഗ്രസ്. 

മധ്യപ്രദേശിലും കര്‍ണാടകയിലും സര്‍ക്കാറിനെ അട്ടിമറിച്ചതിന് പിന്നാലെ രാജസ്ഥാനിലും  സര്‍ക്കാരിനെ   അട്ടിമറിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്‍റെ ഈ നീക്കം.

ഇതിന്‍റെ  ഭാഗമായി കോണ്‍ഗ്രസ് ‘സ്പീക്ക് അപ്പ് ഫോര്‍ ഡെമോക്രസി’ (Speak Up for Democracy) എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ ക്യാമ്പയിന്‍ ആരംഭിക്കുകയാണ്.   കോണ്‍ഗ്രസ്‌  ജനറല്‍ സെക്രട്ടറിയും   എം പിയുമായ   കെ.സി വേണുഗോപാല്‍ ട്വീറ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. 

"നെറികെട്ട രാഷ്ട്രീയത്തിനായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാനും ഭരണഘടനാ വകുപ്പുകളെ ദുരുപയോഗം ചെയ്യാനുമുള്ള BJPയുടെ ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പ്രതിഷേധം  ആരംഭിക്കുകയാണ്. സ്പീക്ക് അപ്പ് ഫോര്‍ ഡെമോക്രസി എന്ന പേരില്‍ ജൂലൈ 26 മുതല്‍ ക്യാമ്പയിന്‍ തുടങ്ങും. ജനാധിപത്യത്തെ സംരക്ഷിക്കാനായി എല്ലാവരും ഇതിനൊപ്പം നില്‍ക്കണം",  കെ.സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.

കൂടാതെ,  ഇന്ത്യയിലുടനീളമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജൂലൈ 27ന് രാജ് ഭവന് മുന്നില്‍ പ്രതിഷേധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.   

രാജസ്ഥാനിലെ ജനങ്ങൾ വൻ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച കോൺഗ്രസ് സർക്കാരിനെ ഏതു വിധേനയും താഴെയിറക്കാൻ , ബിജെപി കേന്ദ്രനേതൃത്വത്തിന്‍റെ  ആശീർവാദത്തോടെ പണമൊഴുക്കിയിട്ടും, എം എൽ എ മാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിട്ടും പഠിച്ച പ ണി പതിനെട്ടും പാളിയ അവസ്ഥയിലാണ് ബിജെപിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

ലോകം മുഴുവൻ കോവിഡ് മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പോരാടുമ്പോൾ, ഏറ്റവും നല്ല രീതിയിൽ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന രാജസ്ഥാൻ സർക്കാരിനെ അസ്ഥിരമാക്കാനാണ് ബിജെപി കോപ്പ് കൂട്ടിയത്. ജനങ്ങളുടെ മനസ്സിൽ ഭീതി പടർത്തി, സർക്കാരിനെ അസ്ഥിരപ്പെടുത്തി മധ്യപ്രദേശിൽ ചെയ്തത് പോലെ, പിൻവാതിലിലൂടെ അധികാരക്കസേരയിൽ വലിഞ്ഞു കയറാനാണ് ബിജെപി പകൽക്കിനാവ് കണ്ടത്, അദ്ദേഹം  പറഞ്ഞു. 

അതേസമയം, രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഡല്‍ഹിയിലേക്ക് കൂടി പ്രതിഷേധം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.  ആവശ്യമെങ്കില്‍ രാഷ്ട്രപതി ഭവന് മുന്നില്‍ ധര്‍ണയിരിക്കാന്‍ തയ്യറാണെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്പറഞ്ഞിരിയ്ക്കുന്നത്. ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശം അദ്ദേഹം എംഎല്‍എമാര്‍ക്ക് നല്‍കുകയും ചെയ്തു.
 
രാജ്ഭവന് മുന്നില്‍ വേണ്ടി വന്നാല്‍ നമ്മള്‍ 21 ദിവസം ധര്‍ണ നടത്തും. ആവശ്യം വന്നാല്‍ അത് നടത്തിയേ തീരൂ. നമ്മള്‍ അവിടെ ഇരിക്കും’ ഗെഹ്‌ലോട്ട് പറഞ്ഞു. രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താനുള്ള തയ്യാറെടുപ്പിലാണ് ഗെഹ്‌ലോട്ട്. രാഷ്ട്രപതിയില്‍ നിന്നും അനുകൂല തീരുമാനം ലഭിക്കാത്ത പക്ഷമാണ് പുതിയ നീക്കവുമായി ഗെഹ്‌ലോട്ട് രംഗത്തെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

Read More