Home> India
Advertisement

'4 മണിക്കൂറിനകം ജോലിയില്‍ പ്രവേശിക്കണം, അല്ലെങ്കില്‍ നടപടി', ഡോക്ടര്‍മാരോട് മമത

പശ്ചിമ ബംഗാളില്‍ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 4 ദിവസമായി സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് താക്കീത് നല്‍കി മുഖ്യമന്ത്രി മമത ബാനര്‍ജി.

'4 മണിക്കൂറിനകം ജോലിയില്‍ പ്രവേശിക്കണം, അല്ലെങ്കില്‍ നടപടി', ഡോക്ടര്‍മാരോട് മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 4 ദിവസമായി സമരം ചെയ്യുന്ന ജൂനിയര്‍  ഡോക്ടര്‍മാര്‍ക്ക് താക്കീത് നല്‍കി മുഖ്യമന്ത്രി മമത ബാനര്‍ജി.

4 മണിക്കൂറിനകം ജോലിയില്‍ പ്രവേശിക്കണമെന്നും, അല്ലാത്തപക്ഷം കടുത്ത നടപടിയിലേയ്ക്ക് കടക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. 4:30ന് മുന്‍പായി ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ ഹോസ്റ്റല്‍ ഒഴിപ്പിക്കുമെന്നും അവര്‍ താക്കീത് നല്‍കി. ഡോക്ടര്‍മാറുടെ സമരം മൂലം ആശുപത്രി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന അവസരത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ എത്തിയ അവസരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ മുന്നറിയിപ്പ്. 

അതേസമയം, മെഡിക്കല്‍ കോളേജിലെ സമരത്തിന് പിന്നില്‍ ബിജെപി ഗൂഢാലോചനയുണ്ടെന്നും മമത ആരോപിച്ചു. "ഇതിന് പിന്നില്‍ ബിജെപിയാണ്. ആശുപത്രി നടപടികളെ ഇവര്‍ മനപൂര്‍വം താറുമാറാക്കുകയാണ്. ഇത് ഇന്നത്തോടെ അവസാനിപ്പിക്കണം", മമത പറഞ്ഞു. 

പ്രതിഷേധിക്കുന്നവര്‍ ഡോക്ടര്‍മാരല്ലെന്നും പുറത്ത് നിന്നുള്ളവരാണെന്നും സംസ്ഥാനത്ത് പ്രശ്നമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മമത പറഞ്ഞു. 'സമരം നടത്തുന്ന ഡോക്ടര്‍മാരുടെ നടപടിയെ ഞാന്‍ അപലപിക്കുന്നു. ജോലിക്കിടെ പൊലീസുകാര്‍ കൊലപ്പെടാറുണ്ട്, പക്ഷേ അവരാരും സമരത്തിന് പോകാറില്ല. ജനങ്ങളെ സേവിക്കുക എന്നതാണ് നിങ്ങളുടെ ഉത്തരവാദിത്തം. അത് ചെയ്യാതെ നിങ്ങളൊരു ഡോക്ടറാവില്ല', മമത പറഞ്ഞു. 

'എനിക്ക് മരുന്നുകളെ കുറിച്ച് അറിയില്ലായിരിക്കാം. എന്നാല്‍ ഇന്ന് ഞാന്‍ കണ്ട ഒരു കാഴ്ച അപകടത്തില്‍പ്പെട്ട് ആശുപത്രിയിലെത്തിയ ഒരാള്‍ ചിതിത്സ കിട്ടാതെ കിടക്കുന്നതാണ്. പ്രതിഷേധം കാരണം അദ്ദേഹം അവിടെ കിടന്ന് മരിക്കും. എത്രയും പെട്ടെന്ന് ഈ സമരം അവസാനിപ്പിച്ചിരിക്കണം. അല്ലാത്തപക്ഷം കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ കടക്കും', മമത പറഞ്ഞു.

അന്യായമായ ഈ സമരത്തെ ബിജെപിയും സിപിഎമ്മും പിന്തുണയ്ക്കുന്നത് നിര്‍ഭാഗ്യകരമാണ്. ആരോഗ്യമന്ത്രി അവരുമായി ചര്‍ച്ച നടത്തിയ ശേഷം എന്നെ ഫോണില്‍ ബന്ധപ്പെട്ടു. അവരോട് സംസാരിക്കാനായി ഞാന്‍ ഫോണില്‍ മറുവശത്ത് കാത്തിരുന്നെങ്കിലും എന്നോട് ഫോണിലൂടെ സംസാരിക്കാനാവില്ല നേരിട്ട് ഞാന്‍ വരണം എന്നായിരുന്നു അവരുടെ നിലപാട്, മമത പറഞ്ഞു. 

സമരം ചെയ്യുന്ന എന്‍.ആര്‍.എസ് ആശുപത്രിയിലെ ഡോക്ടര്‍മാരുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മമതയ്ക്ക് മുന്‍പില്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നു.

കഴിഞ്ഞദിവസം എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ രോഗിയുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ കയ്യേറ്റം ചെയ്തിരുന്നു. അക്രമത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ ഡോക്ടര്‍ പരിഭോഹോ മുഖര്‍ജി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. 

തുടര്‍ന്നാണ് നീതി ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. സമരം പിന്നീട് മറ്റ് മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിക്കുകയായിരുന്നു. എമര്‍ജന്‍സി വാര്‍ഡുകളില്‍ അടക്കം കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.

Read More