Home> India
Advertisement

ഉന്നാവോ പെണ്‍കുട്ടി അയച്ച കത്ത് കിട്ടാന്‍ വൈകുന്നു; വിശദീകരണം തേടി ചീഫ് ജസ്റ്റിസ്

കത്തെഴുതി ദിവസങ്ങള്‍ക്കുള്ളിലാണ് ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുന്നത്.

ഉന്നാവോ പെണ്‍കുട്ടി അയച്ച കത്ത് കിട്ടാന്‍ വൈകുന്നു; വിശദീകരണം തേടി ചീഫ് ജസ്റ്റിസ്

ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയായ ബിജെപി എംഎല്‍എയുടെ കൂട്ടാളികളില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പരാതിക്കാരിയുടെ കുടുംബം അയച്ച കത്ത് തനിക്ക് കിട്ടാന്‍ വൈകുന്നതില്‍ വിശദീകരണം തേടി സുപ്രീംകോടതി ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. 

എന്തുകൊണ്ടാണ് തനിക്ക് ഈ കത്ത് ഇതുവരെ ലഭ്യമാകാത്തതെന്ന കാര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി രജിസ്ട്രിയോടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുല്‍ദീപ് സിംഗ് എംഎല്‍എയുടെ ആളുകള്‍ ഭീഷണിപ്പെടുത്തുന്നതെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും അമ്മായിയും ചേര്‍ന്ന് ജൂലൈ 12 നാണ് ചീഫ്ജസ്റ്റിസിന് കത്ത് അയച്ചത് എന്നാല്‍ അത് ഇതുവരെ ചീഫ്ജസ്റ്റിസിന്‍റെ ഓഫീസില്‍ എത്തിയിട്ടില്ലയെന്നാണ് വിവരം. ജൂലായ്‌ ഏഴിനും എട്ടിനും സംഭവിച്ച വിവരങ്ങളാണ് കത്തില്‍ ഉണ്ടായിരുന്നത്. 

ബി.ജെ.പി എം.എല്‍.എക്കെതിരെയുള്ള ബലാംത്സംഗക്കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കുടുംബത്തെ മുഴുവന്‍ കള്ളക്കേസില്‍പ്പെടുത്തി ജയിലിലാക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പെണ്‍കുട്ടിയുടെ കത്തില്‍ പറയുന്നത്. 

എന്നാല്‍ ജൂലായ് 12-ന് അയച്ച ഈ കത്ത് ചൊവ്വാഴ്ച ഉച്ചവരെ ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ ലഭ്യമായിട്ടില്ലെന്നാണ് വിവരം. ‘കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ എന്നെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണ്. എന്റെ കുടുംബത്തെ കള്ളക്കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയാണ്”, എന്ന് കത്തില്‍ പെണ്‍കുട്ടി പറയുന്നുണ്ട്.

കത്തെഴുതി ദിവസങ്ങള്‍ക്കുള്ളിലാണ് ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുന്നത്. 

അതേസമയം കുല്‍ദീപിനെതിരെ പരാതി നല്‍കാന്‍ പോയ തങ്ങളോട് പൊലീസ് മോശമായി പെരുമാറിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. എഫ്‌ഐആറിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. 

ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ട് കുല്‍ദീപ് ജയിലില്‍നിന്ന് ഫോണില്‍ ഭീഷണിപ്പെടുത്താറുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തിന്റെ അന്വേഷണം കേന്ദ്രം സിബിഐക്കു കൈമാറി. ഞായറാഴ്ചയാണ് പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.

അമിതവേഗത്തിലെത്തിയ ട്രക്ക് പെണ്‍കുട്ടിയും സംഘവും സഞ്ചരിച്ചിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചു. പെണ്‍കുട്ടിയും അഭിഭാഷകനും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്. മാത്രമല്ല അപകടമുണ്ടായ റായ്ബറേലിയിലെ സ്ഥലം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും.

അതേസമയം പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തര്‍പ്രദേശ് പൊലിസും പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.  സിബിഐ കേസ് ഏറ്റെടുത്ത് നടപടികള്‍ തുടങ്ങും വരെയായിരിക്കും ഇവരുടെ അന്വേഷണം എന്നാണ് റിപ്പോര്‍ട്ട്. 

റായ്ബറേലി എഎസ്പി ഷാഹി ശേഖര്‍ ആണ് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്നത്. പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറിലിടിച്ച ട്രക്ക് കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം പോലീസ് നേരെത്തെ പൂര്‍ത്തീകരിച്ചിരുന്നു.

അതേസമയം പീഡനക്കേസ് പ്രതി കുല്‍ദീപുമായി ബന്ധമില്ലന്ന് അവകാശപ്പെട്ട് പെണ്‍കുട്ടിയുടെ കാറിലിടിച്ച ട്രക്ക് ഡ്രൈവറുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. 

അതേസമയം പ്രതിയായ കുല്‍ദീപ് സിംഗിനെ പാര്‍ട്ടിയില്‍ നിന്ന് ബിജെപി സസ്പന്‍ഡ് ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇതെല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും ഭരണകൂടം കൂടി അറിഞ്ഞുകൊണ്ടുള്ള അപകടമാണിതെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Read More