Home> India
Advertisement

പൗരത്വ നിയമം ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനങ്ങൾക്കനുസൃതം: ജോർജ്ജ് കുര്യൻ

അടുത്തിടെ പാർലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനങ്ങൾക്കനുസൃതമാണെന്നു ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാദ്ധ്യക്ഷൻ ജോർജ്ജ് കുര്യൻ.

പൗരത്വ നിയമം ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനങ്ങൾക്കനുസൃതം: ജോർജ്ജ് കുര്യൻ

ന്യൂഡല്‍ഹി: അടുത്തിടെ പാർലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപങ്ങൾക്കനുസൃതമാണെന്നു ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാദ്ധ്യക്ഷൻ ജോർജ്ജ് കുര്യൻ.

ഐക്യരാഷ്ട്ര സഭയുടെ 1992ലെ അന്താരാഷ്‌ട്ര ന്യൂനപക്ഷ അവകാശ പ്രഖ്യാപനത്തിനും 1984ലെ പീഡനത്തിനെതിരെയുള്ള കൺവെൻഷനും അനുസൃതമാണ് പൗരത്വ നിയമമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1984ലെ കൺവെൻഷൻ അനുസരിച്ചു ഒരു രാജ്യത്ത് നിന്നും പീഡനത്തിന് ഇരയായി മറ്റൊരു രാജ്യത്ത് എത്തിച്ചേരുന്നവരെ അതേ രാജ്യത്തേക്ക് തിരിച്ചയയ്ക്കരുത് എന്നാണു നിർദ്ദേശിച്ചിരിക്കുന്നത്. 

പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ മതരാഷ്ട്രങ്ങളിൽ നിന്ന് മത പീഡനത്തെ തുടർന്ന് ഭാരതത്തിൽ എത്തിച്ചേർന്ന ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കു പൗരത്വം നൽകുന്നതിന് ഇളവ് നൽകിയത് ഐക്യരാഷ്ട്ര സഭയുടെ മുൻപറഞ്ഞ പ്രഖ്യാപനങ്ങൾക്കു അസൃതമാണ്, അദ്ദേഹം അഭിപ്രായപ്പെട്ടു. 

പൗരത്വ ബില്ലിനെ എതിർക്കുന്നവർ കൃസ്ത്യാനികൾ ഉൾപ്പെടെയുള്ള സമുദായങ്ങൾക്ക്‌ ഇളവുകൾ നൽകിയതിനെ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിച്ചു. കേരളത്തിൽ പോലും കൃസ്ത്യാനികളെ ഉൾപ്പെടുത്തിയതിനെ സ്വാഗതം ചെയ്യാത്തത് ദു:ഖകരമാണ്. പാക്കിസ്ഥാനിൽ ന്യൂനപക്ഷമായതു ഭാരതത്തിൽ നീതി ലഭിക്കുന്നതിന് തടസ്സമാവരുത് എന്ന് അദ്ദേഹം പറഞ്ഞു. 
പൗരത്വ ബില്ലിൽ ഇളവ് അനുവദിക്കാത്തവർക്കു 1955 പൗരത്വ നിയമത്തിൽ നൽകുന്ന ഒരു ആനുകൂല്യവും 2019ലെ പൗരത്വ നിയമത്തിൽ ഒഴിവാക്കിയിട്ടില്ല. ലോകത്ത് എല്ലാ രാജ്യങ്ങളും തങ്ങളുടെ രാജ്യത്തേക്ക് മറ്റു രാജ്യങ്ങളിൽ നിന്നും അസാധാരണമായ നുഴഞ്ഞു കയറ്റം ഉണ്ടാവുമ്പോൾ അത് നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കാറുണ്ട്. അപ്രകാരമുള്ള നടപടിയാണ് 2019 പൗരത്വ ബില്ലുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്, അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നത് ഇന്ത്യയിലെ ജനങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന ഭരണഘടന എന്നാണ്. ഭാരതത്തിലെ പൗരന്മാരുടെ അവകാശങ്ങൾക്കാണ് പ്രാഥമികത നൽകുന്നത്. മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്നവരുടെ കാര്യത്തിൽ അവിടെ പീഢിപ്പിക്കപ്പെടുന്നത് ന്യൂനപക്ഷങ്ങളായതിനാൽ അവർക്കു മുൻഗണന നൽകുക എന്നത് സ്വാഗതാർഹമാണ്. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കു വേണ്ടി വാദിക്കുന്നു എന്ന് അവകാശപ്പെടുന്നവർ ഇന്ത്യയിൽ എത്തുന്ന ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നതു അപലപനീയമാണ്, അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ കൃസ്ത്യൻ ന്യൂനപക്ഷങ്ങൾ ഈ ബില്ലിനെ സ്വാഗതം ചെയ്യുന്നു എന്നാണു ദേശീയ ന്യൂനപക്ഷ കമ്മീഷനു കിട്ടുന്ന പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാവുന്നത്.

ഭാരതത്തിൽ നിന്നും ന്യൂനപക്ഷ സമുദായംഗങ്ങൾ അയാൾ രാജ്യങ്ങളിലേക്ക് അഭയം തേടി പോകാത്തത് ഭാരതത്തിൽ അവർ സുരക്ഷിതരാണ് എന്നതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

Read More