Home> India
Advertisement

ഡ്രോണുകള്‍ ഉപയോഗിച്ച് ഭീകരാക്രമണത്തിന് സാധ്യത!!

ഡ്രോണുകള്‍ വഴിയുള്ള ആക്രമണത്തിലൂടെ നിയമസഭകള്‍, കോടതികള്‍, തന്ത്രപധാന കെട്ടികടങ്ങള്‍, പ്രമുഖരുടെ വീടുകള്‍ എന്നിവയാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നാണ് രഹസ്യവിവരം.

ഡ്രോണുകള്‍ ഉപയോഗിച്ച് ഭീകരാക്രമണത്തിന് സാധ്യത!!

രാജ്യത്ത് റിമോട്ട് നിയന്ത്രിത ചെറു വിമാനമായ ട്രോണ്‍ ഉപയോഗിച്ച് ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ മുന്നറിയിപ്പ്.

ഡ്രോണുകള്‍, പാരാ ഗ്ലൈഡറുകള്‍, ഹൈഡ്രജന്‍ ബലൂണുകള്‍ എന്നിവ ഉപയോഗിച്ച് തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സുരക്ഷാ മേഖലകള്‍ വ്യക്തമായി തിരിച്ച് വിജ്ഞാപനം ഇറക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ മേഖലകള്‍ക്ക് മുകളില്‍ പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടണമെന്നും ഇതിനായി വ്യോമസേന, പൊലീസ് എന്നിവര്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

ഡ്രോണുകള്‍ വഴിയുള്ള ആക്രമണത്തിലൂടെ നിയമസഭകള്‍, കോടതികള്‍, തന്ത്രപധാന കെട്ടികടങ്ങള്‍, പ്രമുഖരുടെ വീടുകള്‍ എന്നിവയാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നാണ് രഹസ്യവിവരം. ഇത് മുന്നില്‍ കണ്ടുള്ള തയ്യാറാടെപ്പുകള്‍ നടത്തണമെന്നാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.  

അതേസമയം, സുരക്ഷാ നിര്‍ദ്ദേശം നിലനില്‍ക്കെ തിരുവനന്തപുരത്ത് ഡ്രോണുകള്‍ പറന്നത് ഗുരുതര സുരക്ഷാവീഴ്ചയാണെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍. തലസ്ഥാനത്ത് ഡ്രോണ്‍ കാണപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ വിശദപരിശോധനയ്ക്കായി കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറി. ഡ്രോണ്‍ പറത്തിയതാരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. 

ഐ.എസ്.ആര്‍.ഒ, റോ, ഡി.ആര്‍.ഡി.ഒ, മിലിട്ടറി ഇന്റലിജന്‍സ്, വ്യോമസേന എന്നിവയ്ക്കാണ് ദൃശ്യങ്ങള്‍ നല്‍കിയത്. ദൃശ്യത്തിലുള്ളത് ഡ്രോണാണോ എന്ന് ഉറപ്പിക്കാന്‍കൂടിയാണ് പരിശോധന.

തന്ത്രപ്രധാനമായ മേഖലകളില്‍ ഡ്രോണ്‍ പറത്തിയതിനെക്കുറിച്ച് മിലിട്ടറി ഇന്റലിജന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോസ്റ്റ്ഗാര്‍ഡ് കേന്ദ്രം, ദക്ഷിണ വ്യോമസേനാ ആസ്ഥാനം, പാങ്ങോട് കരസേനാ സ്റ്റേഷന്‍ എന്നിവയ്ക്കടുത്തു കൂടി ഡ്രോണ്‍ പറന്നത് ഗൗരവത്തോടെയാണ് സൈന്യം നിരീക്ഷിക്കുന്നത്. 

ജനവാസ കേന്ദ്രങ്ങള്‍ക്ക് മുകളിലൂടെയാണ് ഡ്രോണ്‍ പറന്നതെന്നും, ഇവ സൈനികാവശ്യത്തിന് ഉപയോഗിക്കുന്നതല്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇനി ഡ്രോണ്‍ കണ്ടാല്‍ നിലത്തിറക്കാന്‍ എന്തൊക്ക ചെയ്യാനാകുമെന്നതു സംബന്ധിച്ച് പൊലീസ് കേന്ദ്ര ഏജന്‍സികളുടെ ഉപദേശം തേടി. 

ജനവാസ മേഖലകളില്‍ വെടിവച്ചിടാന്‍ പ്രയാസമാണ്. സൈനിക മേഖലകളില്‍ ഡ്രോണ്‍ വെടിവച്ചിടാന്‍ സൈനികര്‍ക്ക് അനുമതി ആവശ്യമില്ല. ഡ്രോണുകള്‍ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് റേഞ്ച് ഐ.ജി അശോക് യാദവ് പറഞ്ഞു. അനധികൃത ഡ്രോണുകള്‍ പറത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന സ്ഥലങ്ങളെല്ലാം റെഡ് സോണായി പ്രഖ്യാപിക്കുകയും ഡ്രോണുകള്‍ അതിന് മുകളിലൂടെ പറക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഈ മേഖലകളില്‍ ഡ്രോണുകളെ വെടിവച്ചിടാന്‍ പരിശീലനം ലഭിച്ച സേനാംഗങ്ങളെ വിന്യസിക്കണമെന്നും കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

250 ഗ്രാമിനു മുകളിലുള്ള ഡ്രോണുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണം. സുരക്ഷ മേഖലകള്‍ അടയാളപ്പെടുത്തി പൊലീസ് ആക്ട് വഴി വിജ്ഞാപനം ചെയ്യണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഡ്രോണുകള്‍ നിയന്ത്രിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി വ്യോമസേനയായിരിക്കും. നടപടികള്‍ ഏകോപിപ്പിക്കാന്‍ പൊലീസിലേയും സൈനിക വിഭാഗങ്ങളിലേയും 5 അംഗങ്ങള്‍ അടങ്ങുന്ന സമിതി എല്ലാ സംസ്ഥാനങ്ങളിലും ഉടന്‍ നിലവില്‍ വരും.

Read More