Home> India
Advertisement

കേന്ദ്ര മന്ത്രിസഭാ പുന:സംഘടന: കെ.വി കാമത്ത്, സുരേഷ് ഗോപി പുതുമുഖങ്ങള്‍?

2020 വര്‍ഷത്തെ ബജറ്റിന് ശേഷം കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിയ്ക്ക് സാധ്യത. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ്‌ നടപടി എന്നാണ് സൂചന.

കേന്ദ്ര മന്ത്രിസഭാ പുന:സംഘടന: കെ.വി കാമത്ത്, സുരേഷ് ഗോപി പുതുമുഖങ്ങള്‍?

ന്യൂഡല്‍ഹി: 2020 വര്‍ഷത്തെ ബജറ്റിന് ശേഷം കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിയ്ക്ക് സാധ്യത.  സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ്‌ നടപടി എന്നാണ് സൂചന. 

ന്യുഡവലപ്മെ‍ന്‍റ് ബാങ്ക് ചെയര്‍മാൻ  കെ വി കാമത്തിനെ ധനമന്ത്രാലയത്തിൽ സഹമന്ത്രിയാക്കുമെന്നാണ് റിപ്പോർട്ട്. സുരേഷ് പ്രഭുവിനെ മന്ത്രിസഭയിൽ തിരിച്ചെടുത്തേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. 

നിർമല സീതാരാമന്‍റെ കീഴിൽ സമ്പദ് വ്യവസ്ഥക്കുണ്ടായ തകർച്ചയിൽ കേന്ദ്രം സന്തുഷ്ടരല്ലെന്നാണ് വിലയിരുത്തൽ. 

സാമ്പത്തിക തകർച്ചയുടെ ഉത്തരവാദിത്തം നിർമലയ്ക്കും സഹ മന്ത്രി അനുരാഗ് താക്കൂറിനും ആണെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ ഇരുവരെയും മാറ്റി മുഖം രക്ഷിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. 

ഐസിഐസിഐ ബാങ്കിൻ്റെ നോൺ എക്സിക്യൂട്ടിവ് ചെയർമാൻ, ഇൻഫോസിസ് ചെയർമാൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള കാമത്ത് പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം സർവകലാശാലയിലെ ഗവർണർ ബോർഡിലെ അംഗം കൂടിയാണ്.

ധനകാര്യമന്ത്രി പുറത്തേക്കെന്ന സൂചന മുന്‍പു തന്നെ പുറത്തു വന്നിരുന്നു. ബജറ്റിന് മുമ്പോടിയായുള്ള കൂടിക്കാഴ്ചകളില്‍ നിര്‍മലയുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. 

കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ അതിനെതിരെ രംഗത്തു വരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ധനമന്ത്രി ഉണ്ടായേക്കും എന്ന തരത്തിലുള്ള വാർത്തകൾ വരുന്നത്.

സാമ്പത്തിക വിദഗ്ധനായ കെ വി കാമത്ത് ധനകാര്യസഹമന്ത്രിയായാല്‍ മോദി കാബിനറ്റിൽ എത്തുന്ന രാഷ്ട്രീയക്കാരനല്ലാത്ത  ആദ്യ മന്ത്രിയായിരിക്കും അദ്ദേഹം. 

അതേസമയം, 2020-21 സാമ്പത്തിക വർഷത്തെ ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ തന്നെയാകും അവതരിപ്പിക്കുക. അതിൽ വളർച്ച തിരിച്ചുപിടിക്കുവാൻ വേണ്ടിയുള്ള നടപടികൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വലതുപക്ഷ സൈദ്ധാന്തികന്‍ സ്വപന്‍ ദാസ് ഗുപ്ത, നിതി ആയോഗ് ചെയര്‍മാന്‍ അമിതാഭ് കാന്ത് എന്നിവരും മന്ത്രിസഭയിലെത്തിയേക്കും.

കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രിയായി പശ്ചിമബംഗാളിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ  സ്വപൻദാസ് ഗുപ്തയെ പരിഗണിച്ചേക്കും. 

പൗരത്വനിയമഭേദഗതിക്കെതിരെയടക്കം സര്‍വ്വകലാശാലകളിൽ പ്രതിഷേധങ്ങൾ ശക്തമാക്കുമ്പോഴാണ് ഈ നീക്കം.  ശിവസേനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രണ്ടാം മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ സുരേഷ്പ്രഭുവിനെ തിരിച്ചുകൊണ്ടുവന്നേക്കും.

ദക്ഷിണേന്ത്യയിൽ നിന്ന് പുതിയ മന്ത്രിമാര്‍ ഉണ്ടാകുമെന്ന സൂചനകളും ഉണ്ട്. കേരളം, പശ്ചിമബംഗാൾ, സംസ്ഥാന തെരഞ്ഞെടുപ്പുകൾ കൂടി മുന്നിൽ കണ്ടാവും മന്ത്രിസഭാ പുനഃസംഘടന.

Read More