Home> India
Advertisement

ഉന്നാവോ സംഭവം: മുഖ്യപ്രതി കുല്‍ദീപ് സെന്‍ഗറെ ബിജെപി പുറത്താക്കി!!

ദേശവ്യാപകമായി പ്രതിക്ഷേധം ശക്തമായപ്പോള്‍ ഒടുക്കം ആ തീരുമാനവും വന്നു.

ഉന്നാവോ സംഭവം: മുഖ്യപ്രതി കുല്‍ദീപ് സെന്‍ഗറെ ബിജെപി പുറത്താക്കി!!

ന്യൂഡല്‍ഹി: ദേശവ്യാപകമായി പ്രതിക്ഷേധം ശക്തമായപ്പോള്‍ ഒടുക്കം ആ തീരുമാനവും വന്നു. 

ഉന്നാവോ ബലാത്സംഗ കേസിലെ പ്രതിയും ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സിംഗ് സെന്‍ഗറെ ബിജെപിയില്‍ നിന്ന് പുറത്താക്കി. ഉത്തര്‍ പ്രദേശ്‌ ബിജെപി അദ്ധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗാണ് നടപടി കൈക്കൊണ്ടത്. .

പീഡനവും തുടര്‍ന്ന് കുറ്റം മറയ്ക്കാന്‍ ബിജെപി നേതാവ് നടത്തിയ പ്രവര്‍ത്തനങ്ങളും മാധ്യമങ്ങള്‍ പരസ്യമാക്കിയതോടെ എംഎല്‍എ കുല്‍ദീപ് സെന്‍ഗറെ സസ്പെന്‍ഡ് ചെയ്യാതെ പാര്‍ട്ടിയ്ക്ക് നിവൃത്തിയില്ലായിരുന്നു എന്ന് വേണം കരുതാന്‍. 

എഫ്‌ഐആറില്‍ പേരുണ്ടായിട്ടും എന്തിനാണ് അയാള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നതെന്ന ചോദ്യവും പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. കുല്‍ദീപ് സെന്‍ഗറെ ബിജെപിയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തിരുന്നു. 

ഇരയായ പെണ്‍കുട്ടി സ്വന്തം ജീവന്‍ സംരക്ഷിക്കാന്‍ ഒറ്റക്ക് പോരാടുമ്പോള്‍ കുല്‍ദീപ് സെന്‍ഗറിനെപ്പോലുള്ള ക്രിമിനലുകള്‍ക്ക് രാഷ്ട്രീയ അധികാരത്തിന്‍റെ സംരക്ഷണം നല്‍കുകയാണെന്നും, ഇതവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകണമെന്നും പ്രിയങ്ക ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

ഉന്നാവോ വിഷയത്തില്‍ പാര്‍ലമെന്‍റിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ബിജെപി നേതൃത്വം വ്യക്തമാക്കിയത്.

അതേസമയം, കുല്‍ദീപ് പെണ്‍കുട്ടിയുടെ ബന്ധുക്കളെ വിളിച്ച്‌ കേസ് പിന്‍വലിക്കമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ സഹോദരന്‍റെ ജീവനും അപകടത്തിലാണെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ഉന്നാവോ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാര്‍ കഴിഞ്ഞ ഞായറാഴ്ച അപകടത്തില്‍പ്പെട്ടിരുന്നു. ഇതിന് പന്നില്‍ കുല്‍ദീപ് സെന്‍ഗറാണെന്നാണ് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. 

സംഭവത്തില്‍ കുല്‍ദീപ് സെന്‍ഗറും സഹോദരനും ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Read More