Home> India
Advertisement

നോട്ട് നിരോധനത്തിലൂടെ ബിജെപി കള്ളപ്പണം നിയമാനുസൃതമാക്കി; ശശി തരൂര്‍

കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍. നോട്ട് നിരോധിച്ചതിലൂടെ ബിജെപി സര്‍ക്കാര്‍ കള്ളപ്പണം നിയമാനുസൃതമാക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.

 നോട്ട് നിരോധനത്തിലൂടെ ബിജെപി കള്ളപ്പണം നിയമാനുസൃതമാക്കി; ശശി തരൂര്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍. നോട്ട് നിരോധിച്ചതിലൂടെ ബിജെപി സര്‍ക്കാര്‍ കള്ളപ്പണം നിയമാനുസൃതമാക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. 

നോട്ട് നിരോധനം മൂലം 135 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആരാണ് ഇതിനുത്തരവാദിയെന്നും തരൂര്‍ ചോദിച്ചു. നോട്ട് മാറ്റുവാന്‍ വേണ്ടി ബാങ്കിനു മുന്‍പില്‍ ക്യൂ നില്‍ക്കുന്നതിനിടയിലും ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ടുമാണ് ഇവരില്‍ പലരും മരിച്ചത്.

നിരവധി പേര്‍ക്ക് കല്ല്യാണങ്ങള്‍ മാറ്റിവെക്കേണ്ടി വന്നു, പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. മരണാനന്തരചടങ്ങുകള്‍ക്ക് പോലും ബുദ്ധിമുട്ട് നേരിട്ടു, ഇത് മാത്രമാണ് നോട്ട് നിരോധനം കൊണ്ട് രാജ്യത്തിന് കിട്ടിയത്. ഇത് ചിലര്‍ ആഘോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനം കള്ളപ്പണം ഇല്ലാതാക്കാനാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പക്ഷേ മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 0.0013 ശതമാനം നോട്ടുകള്‍ മാത്രമാണ് ബാങ്കുകളിലേക്ക് തിരികെ എത്താതിരുന്നത്. ബാക്കി മുഴുവന്‍ പണവും ബാങ്കിങ് സിസ്റ്റത്തിലേക്ക് തിരികെയെത്തി- തരൂര്‍ വ്യക്തമാക്കി. ഈ കണക്കുകള്‍ പലതും തെളിയിക്കുന്നുണ്ട്. 

ജിഎസ്ടിക്കെതിരെയും തരൂര്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി. ജൂലൈയിലാണ് ജിഎസ്ടി നടപ്പാക്കിയത്. 18% ത്തില്‍ താഴെ മാത്രം നിരക്ക് വരുന്ന ഒരറ്റ നികുതിയായിട്ടാണ് കോണ്‍ഗ്രസ്‌ ജിഎസ്ടി നടപ്പാക്കാനിരുന്നത്. ഇതിപ്പോള്‍ ആറു തരം നികുതികളും അതിനൊപ്പം അനിശ്ചിതത്വവുമാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയത്. ഇത് ചെറുകിട കച്ചവട മേഖലയെ ആകെ തകിടം മറിച്ചു. സാമ്പത്തിക മാന്ദ്യം നേരിട്ട് കൊണ്ടിരിക്കുകയാണ് രാജ്യമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെ എല്ലാ പ്രധാന രാജ്യങ്ങളും സാമ്പത്തിക വളര്‍ച്ച നേടിയ വര്‍ഷമായിരുന്നു കഴിഞ്ഞ് പോയത്. ഇന്ത്യ മാത്രമാണ് സാമ്പത്തിക വളര്‍ച്ചയില്‍ പിന്നോട്ട് പോയതെന്നും തരൂര്‍ പറഞ്ഞു.

Read More