Home> India
Advertisement

കമല്‍ഹാസന്‍റെ "ഗോഡ്സെ ആദ്യ ഭീകരന്‍ പരമാര്‍ശം", പരാതിയുമായി ബിജെപി

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഒരു ഹിന്ദു ആയിരുന്നുവെന്നും, അത് മറ്റാരുമല്ല, മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയാണെന്നുമുള്ള കമല്‍ ഹാസന്‍റെ പരമാര്‍ശം വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

കമല്‍ഹാസന്‍റെ

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഒരു ഹിന്ദു ആയിരുന്നുവെന്നും, അത് മറ്റാരുമല്ല, മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയാണെന്നുമുള്ള കമല്‍ ഹാസന്‍റെ പരമാര്‍ശം വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. 

മക്കള്‍ നീതി മയ്യം അദ്ധ്യക്ഷന്‍ കമല്‍ ഹാസന്‍റെ പ്രസ്താവനത്തിരെ കടുത്ത വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. അതേസമയം, കമല്‍ ഹാസന്‍റെ പരമാര്‍ശം ദേശീയ രാഷ്ട്രീയം ചര്‍ച്ചാവിഷയമാക്കിയതോടെ വലിയ രാഷ്ട്രീയപ്പോരിനാണ് തുടക്കമായിരിക്കുന്നത്.

കമല്‍ ഹാസന്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ച് ബിജെപി ഇതിനോടകം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിക്കഴിഞ്ഞു. മതങ്ങളുടെ പേരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പിനാണ് കമല്‍ ഹാസന്‍ ശ്രമിച്ചതെന്നാണ് ബിജെപിയുടെ  ആരോപണം. ബിജെപി നേതാവ് അശ്വിനി ഉപാധ്യായ ആണ് കമല്‍ ഹാസനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്. കമല്‍ ഹാസനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ബിജെപി ഉന്നയിക്കുന്നുണ്ട്. 

കമല്‍ ഹാസനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷ തമിഴിസൈ സൗന്ദരരാജ ആവശ്യപ്പെട്ടു. വിശ്വരൂപം സിനിമ പ്രദര്‍ശിപ്പിക്കാതിരുന്നാല്‍ രാജ്യം വിടുമെന്ന് പറഞ്ഞയാളാണ് ഇപ്പോള്‍ യഥാര്‍ഥ ഇന്ത്യക്കാരനാണെന്ന് പറയുന്നതെന്നും അവര്‍ വിമര്‍ശിച്ചു.

"സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരൻ ഒരു ഹിന്ദു ആയിരുന്നു. പേര് നാഥുറാം ഗോഡ്സെ. ഇത് മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശമായതുകൊണ്ടല്ല ഞാന്‍ ഇത് പറയുന്നത്, ഗാന്ധി പ്രതിമയുടെ മുന്നിൽ നിന്നുകൊണ്ടാണ് ഞാൻ പറയുന്നത്, കമല്‍ ഹാസന്‍ പറഞ്ഞു. കൂടാതെ, തന്‍റെ മനസ്സാക്ഷി അനുസരിച്ചു ഗാന്ധിയുടെ കൊച്ചുമകനാണ് താനെന്നും ഇന്ന് താന്‍ ആ കൊലപാതകത്തെ ചോദ്യം ചെയ്യുകയാണെന്നും ആ രീതിയില്‍ തന്‍റെ പരാമര്‍ശത്തെ കാണുക എന്നുമാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അഭിപ്രായപ്പെട്ടത്. 

അറവകുറിച്ചി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്‍റെ ഈ പരാമര്‍ശം. 

ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയ്ക്കും പ്രതിപക്ഷമായ ഡി.എം.കെയ്ക്കും എതിരായ രാഷ്ട്രീയ വിപ്ലവത്തിന്‍റെ മുനയിലാണ് തമിഴ്‌നാടെന്നും അദ്ദേഹം പറഞ്ഞു. ‘ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. രണ്ട് ദ്രവീഡിയന്‍ പാര്‍ട്ടികളും കറകളഞ്ഞ് മുന്നോട്ടുവരില്ല. അവര്‍ പിഴവുകളില്‍ നിന്ന് പാഠം പഠിക്കുകയുമില്ല’,  കമല്‍ ഹാസന്‍ പറഞ്ഞു.

ഞായറാഴ്ചയാണ് അറവകുറിച്ചിയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. 

Read More